Breaking News

Trending right now:
Description
 
Jun 23, 2016

ഷിഗല്ല വയറിളക്കം: സംസ്ഥാനത്ത്‌ മൂന്നുപേര്‍ മരിച്ചു; ജാഗ്രതാനിര്‍ദേശം

image ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ വയളിക്കം പിടിപെട്ട്‌ സംസ്ഥാനത്ത്‌ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട്‌ രണ്ടുപേരും തിരുവനന്തപുരത്ത്‌ ഒരാളുമാണ്‌ മരിച്ചത്‌. രോഗം പടര്‍ന്നുപിടിക്കാമെന്നിരിക്കെ ആരോഗ്യവകുപ്പ്‌ ജാഗ്രതാ നിര്‍ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുടല്‍ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം മൂലം മരണസാധ്യത ഏറെ കൂടുതലാണ്‌. കുട്ടികളെയാണ്‌ കൂടുതലായും ബാധിക്കുന്നത്‌. മഴ ശക്തമായതോടെ ജലം മലിനപ്പെടുന്നതിനെ തുടര്‍ന്ന്‌ പനിക്കൊപ്പം വയറിളക്ക രോഗങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. സാധാരണ വയറിളക്കം വൈറസ്‌ രോഗബാധമൂലമാണ്‌ വരുന്നത്‌. എന്നാല്‍, മാരകമായ വയറിളക്കത്തിനു കാരണം ഷിഗല്ല ബാക്ടീരിയയാണെന്നാണ്‌ ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കുടലിന്റെ ശ്ലേഷ്‌മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കുവമിക്കും. വയറിളക്കത്തിനു പുറമേ വയറുവേദനയും ഛര്‍ദ്ദിയും ശരീരത്തിനു ചൂടും കാണും. ഉടന്‍ ആന്റിബയോട്ടിക്‌ അടക്കമുള്ള ചികിത്സനല്‍കിയാല്‍ രോഗം ഭേദപ്പെടുത്താമെന്നും ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്നറിയിപ്പുനല്‍കി.