Breaking News

Trending right now:
Description
 
Jun 22, 2016

ജിഷവധക്കേസ്‌: പ്രതി അമീറുല്‍ 10 ദിവസം പൊലീസ്‌ കസ്റ്റഡിയില്‍

image പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ കൂടുതല്‍ ചോദ്യംചെയ്യലിനായി 10 ദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ഈ മാസം 30ന്‌ വൈകുന്നേരം 4.30 വരെകസ്റ്റഡിയില്‍ വിട്ടു നല്‍കിയത്‌. എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ പ്രതിയോട്‌ മജിസ്‌ട്രേറ്റ്‌ ആരാഞ്ഞു. നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു അമീറുലിന്റെ മറുപടി. 15 മിനിറ്റുകള്‍ കൊണ്ടു കോടതി നടപടികള്‍ അവസാനിപ്പിച്ചു പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊണ്ടു കോടതി ഉത്തരവാകുകയായിരുന്നു. തെളിവെടുപ്പിനായി ആസാം, തമിഴ്‌നാട്ടിലെ കാഞ്ചിപുരം എന്നിവിടങ്ങളില്‍ അമീറുലിനെ കൊണ്ടുപോകേണ്ടതുണ്ടെന്നും കൂടുതല്‍ സാക്ഷികള്‍ക്കു മുമ്പില്‍ തിരിച്ചറിയല്‍ പരേഡ്‌ നടത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്‌. കസ്‌റ്റഡി കാലയളവിലെ തെളിവെടുപ്പിനിടയില്‍ പ്രതിയുടെ മുഖം മറയ്‌ക്കാനും കോടതി അനുമതി നല്‍കി. കഴിഞ്ഞ ദിവസം ഹെല്‍മെറ്റ്‌ വച്ചാണ്‌ പ്രതിയെ കോടതിയില്‍ ഹാജരാക്കിയതെങ്കില്‍ ഇന്നലെ കറുത്ത മുഖാവരണം ധരിപ്പിച്ചായിരുന്നു കൊണ്ടുവന്നത്‌. കഴിഞ്ഞ 17നാണ്‌ അമീറുലിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തുടര്‍ന്നു പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ 14 ദിവസത്തേക്ക്‌ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. ഇതിനിടെ, അമിറുള്‍ ഇസ്‌ലാമിന്റെ സുഹൃത്ത്‌ ആസാം സ്വദേശി അനറുള്‍ ഇസ്‌ലാമിനെ കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം പൊലീസ്‌ ആരംഭിച്ചു. ഇയാള്‍ ജിഷയുടെ മാതാവ്‌ രാജേശ്വരിയെ ബൈക്ക്‌ ഇടിപ്പിച്ച കേസില്‍ നേരത്തേ എഫ്‌ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണോയെന്ന കാര്യമാണ്‌ അന്വേഷണ സംഘം പരിശോധിക്കുന്നത്‌. ഇതേ പേരുകാരന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളും അമീറുലിന്റെ സുഹൃത്ത്‌ അനറുളും ഒരേയാള്‍ തന്നെയാണോയെന്നുമുള്ള കാര്യമാണ്‌ അന്വേഷണ സംഘം പരിശോധിക്കുന്നത്‌.