Breaking News

Trending right now:
Description
 
Jun 22, 2016

ബാംഗ്ലൂരില്‍ റാഗിങിന്‌ വിധേയയായ നഴ്‌സിങ്‌ വിദ്യാര്‍ഥിനി ആശുപത്രിയില്‍

image ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ്‌ കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെത്തുടര്‍ന്ന്‌ മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. മലപ്പുറം എടപ്പാള്‍ കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ അശ്വതി (19) ആണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. ഏതാനും ദിവസം മുമ്പാണു കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ബലംപ്രയോഗിച്ചു ബാത്ത്‌റൂം വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചുവെന്നാണ്‌ പരാതി. വിവസ്‌ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരതകാട്ടിയത്‌. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്‌ അശ്വതി. മലയാളികള്‍ ഉള്‍പ്പെട്ട എട്ടംഗസംഘമാണ്‌ ബാത്ത്‌റൂം വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചത്‌. റാഗിങിന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. അവശനിലയിലായ അശ്വതി ബംഗളൂരുവിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചികിത്സ തേടിയിരുന്നു. കോഴിക്കോട്‌ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അശ്വതിയുടെ അന്നനാളത്തിനു ഗുരുതരമായ പൊള്ളലുണ്ടെന്നു കണ്ടെത്തി. കഴുത്തില്‍ ദ്വാരമിട്ട്‌ അതുവഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ്‌ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌. അഞ്ചുമാസം മുമ്പാണ്‌ അശ്വതി നഴ്‌സിംഗിനു ചേര്‍ന്നത്‌. നാലു ലക്ഷം രൂപ വായ്‌പയെടുത്ത്‌ അതില്‍ നിന്നു 75,000രൂപ ഫീസടച്ചാണ്‌ പ്രവേശനം നേടിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, പൊലീസ്‌ മേധാവി, ബംഗളൂര്‍ ഡിജിപി എന്നിവര്‍ക്ക്‌ പരാതിനല്‍കി. അശ്വതിയുടെ ചികിത്സാ ചിലവ്‌ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന്‌ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.