Breaking News

Trending right now:
Description
 
Jun 22, 2016

അഞ്‌ജനയുടെ ആത്മഹത്യാശ്രമം: സിപിഎംഎല്‍എയ്‌ക്കെതിരേ കേസ്‌

image ദലിത്‌ യുവതിയായ കുട്ടിമാക്കൂലിലെ അഞ്‌ജന ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കളായ എ.എന്‍. ഷംസീര്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ എന്നിവര്‍ക്കെതിരേ പ്രേരണാകുറ്റത്തിനു പൊലീസ്‌ കേസെടുത്തു. മാധ്യമങ്ങളിലൂടെ ഇവര്‍ നടത്തിയ അപവാദ പ്രചരണത്തില്‍ മനംനൊന്താണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതെന്നു അഞ്‌ജന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌. ആത്മഹത്യാശ്രമം കുറ്റകരമായതിനാല്‍ കേസ്‌ പ്രകാരം യുവതി ഒന്നാം പ്രതിയും പ്രേരിപ്പിച്ചവര്‍ രണ്ടും മൂന്നും പ്രതികളാകും. ജാമ്യം ലഭിക്കാവുന്ന ഈ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ പ്രതികള്‍ക്ക്‌ ഒരുവര്‍ഷംവരെ തടവും പിഴയും ലഭിച്ചേക്കാം. ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച അറസ്‌റ്റിലായി ജയിലിലടയ്‌ക്കപ്പെട്ട അഞ്‌ജനയും സഹോദരി അഖിലയും പിറ്റേദിവസമാണു ജാമ്യത്തിലിറങ്ങിയത്‌. അന്നു രാത്രിയില്‍ നടന്ന ചാനല്‍ ചര്‍ച്ചക്കിടെ സിപിഎം നേതാക്കള്‍ അഞ്‌ജനയെ അവഹേളിച്ചു സംസാരിച്ചെന്നും ഇതില്‍ മനംനൊന്ത്‌ അഞ്‌ജന അമിതമായി ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചെന്നുമാണു കേസ്‌. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്‌ജന അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. ചാനല്‍ ചര്‍ച്ചയില്‍ ക്വട്ടേഷന്‍ സംഘമെന്നും പൊതുശല്യമെന്നും സിപിഎം നേതാക്കള്‍ അധിക്ഷേപിച്ചിരുന്നു. ഡിവൈഎസ്‌പി ഷാജു പോളിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണു കേസ്‌ അന്വേഷിക്കുന്നത്‌. ആശുപത്രിയില്‍ കഴിയുന്ന അഞ്‌ജനയെ സംസ്ഥാന പട്ടികജാതി വര്‍ഗ കമ്മീഷന്‍ അധ്യക്ഷന്‍ പി.എന്‍.വിജയകുമാര്‍ സന്ദര്‍ശിച്ചു മൊഴിയെടുത്തു.