Breaking News

Trending right now:
Description
 
Jun 22, 2016

വിമാനം നിര്‍മിച്ച ബധിരനും മൂകനുമായ മലയാളിക്ക്‌ ജര്‍മന്‍കമ്പനിയില്‍ ജോലി

image തൊടുപുഴ ഉടുമ്പന്നൂരിന്‌ സമീപം തട്ടക്കുഴ അലകനാല്‍ സജിതോസ്‌ ബധിരനും മൂകനുമാണ്‌. ഏഴാംക്ലാസാണ്‌ 45 കാരനായ സജിയുടെ വിദ്യാഭ്യാസ യോഗ്യത. അടുത്തനാളില്‍ സ്വന്തമായി വിമാനംനിര്‍മിച്ച്‌ പറത്തി ശ്രദ്ധനേടിയ സജിയെ ജര്‍മനി ആസ്ഥാനമായ ആരോ ഏവിയേഷന്‍കമ്പനി ജോലി നല്‍കി. ഇന്റര്‍വ്യൂവില്‍ വിജയിച്ച സജി ജൂണ്‍ 10ന്‌ കമ്പനിയുടെ മുംബൈയിലെ ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചു. ആഡംബരവിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ടെക്‌നീഷ്യനായാണ്‌ ജോലി. 40,000 രൂപയാണ്‌ മാസ ശമ്പളം. സജിയ്‌ക്കുളള താമസസൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്‌. ഏഴുവര്‍ഷം മുമ്പാണ്‌ സജി വിമാനം നിര്‍മിക്കാനുള്ള ശ്രമം നടത്തിയത്‌. മുഴുവന്‍ ഭാഗങ്ങളും സജി സ്വന്തമായി നര്‍മിക്കുകയും ചെയ്‌തു. 2014 ഏപ്രില്‍ 19ന്‌ വിമാനം തിരുനല്‍വേലി അംബാ സമുദ്രത്തിനു മുകളിലൂടെ വിജയകരമായി പരീക്ഷിച്ചു ശ്രദ്ധനേടി. വ്യോമസേനയില്‍നിന്നു വിരമിച്ച കമാന്‍ഡര്‍ എസ്‌.കെ.ജെ.നായരാണ്‌ അന്നുവിമാനം പറത്തിയത്‌. ചെറുപ്പത്തില്‍ ടിവി മെക്കാനിക്കായി ജോലി നോക്കിയിരുന്ന സജിക്ക്‌ വിമാനനിര്‍മാണത്തെക്കുറിച്ചുള്ള പുസ്‌തകള്‍ ലഭിച്ചിരുന്നു. വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ വാങ്ങുന്നതിനുള്ള സഹായവും ലഭിച്ചു. ലിംക ബുക്ക്‌ ഓഫ്‌ ഇന്ത്യ റെക്കോഡ്‌സിലും സജിക്ക്‌ സ്ഥാനം പിടിക്കാനായി. വിമാനം രൂപകല്‍പ്പനചെയ്‌ത ഭിന്നശേഷിയുള്ള വ്യക്തിയെന്നനിലയിലാണ്‌ ഈ അംഗീകാരം തേടിയെത്തിയത്‌.