Breaking News

Trending right now:
Description
 
Jan 05, 2013

"എന്റെ..." ഉള്ളുപൊള്ളിക്കുന്ന സിനിമ, മലയാളികള്‍ കണ്ടറിയേണ്ട സിനിമ

image
സുനിത കൃഷ്‌ണന്‍ മനസ്‌ നിറഞ്ഞാണ്‌ ഓരോ അഭിനന്ദനവും ഏറ്റുവാങ്ങുന്നത്‌. "  എന്റെ..." എന്ന സിനിമയിലൂടെ സ്വന്തം കണ്ണുകള്‍കൊണ്ട്‌ കണ്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയുടെ മായികസ്‌ക്രീനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്ന ആശയുടെ പൂര്‍ത്തീകരണമായിരുന്നു ഈ സിനിമ. കേരളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത ഈ സിനിമ കണ്ടവര്‍ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു: "നമ്മുടെ മക്കളെയും അമ്മമാരെയും അദ്ധ്യാപികമാരെയും തീര്‍ച്ചയായും കാണിക്കേണ്ട സിനിമയാണിത്‌." 

സുനിതയുടെ ഫോണില്‍ വിശ്രമമില്ലാതെ കോളുകള്‍ വരുന്നു. ഉള്ളുപൊള്ളിക്കുന്ന സിനിമ കണ്ടതിന്റെ ആവേശം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പലരും വിതുമ്പുന്നുണ്ട്‌. "എന്റെ..." എന്ന സിനിമയെ കേരളം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കകളെല്ലാം പ്രിവ്യൂ കണ്ട്‌ അഭിപ്രായം പറഞ്ഞവരുടെ വാക്കുകളാല്‍ ഇല്ലാതായെന്ന്‌ സുനിത പറയുന്നു.

സുനിത കൃഷ്‌ണന്‍ നിര്‍മിച്ച ഈ സിനിമ സംവിധാനം ചെയ്‌തത്‌ സുനിതയുടെ ഭര്‍ത്താവും പ്രശ്‌സ്‌ത സംവിധായകനുമായ രാജേഷ്‌ ടച്ച്‌റിവറാണ്‌. "എന്റെ.." എന്ന സിനിമയെ മുന്‍നിറുത്തി സുനിത കൃഷ്‌ണനുമായി ഗ്ലോബല്‍ മലയാളം സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ഇ.എസ്‌. ജിജിമോള്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

എന്താണ്‌ "എന്റെ..." എന്ന കഥയുടെ ഇതിവൃത്തം?

കേരള തമിഴ്‌നാട്‌ അതിര്‍ത്തി ഗ്രാമത്തില്‍ ജീവിക്കുന്ന ഒരച്ഛന്റെയും മകളുടെയും സംഭവ ബഹുലമായ ജീവിതത്തെയാണ്‌ ഈ സിനിമയിലൂടെ അനാവരണം ചെയ്യുന്നത്‌. അച്ഛനെ ഗാഢമായി സ്‌നേഹിക്കുന്ന മകള്‍ അച്ഛന്‍ ആരാണെന്ന്‌ തിരിച്ചറിയുന്ന വേദനയിലൂടെയാണ്‌ ഈ കഥ പുരോഗമിക്കുന്നത്‌. അതിലൂടെ അപമാനിക്കപ്പെടുന്ന സ്‌ത്രീത്വത്തിന്റെ വേദനയാണ്‌ പങ്കുവയ്‌ക്കുന്നത്‌. തന്റെയച്ഛന്‍ ഒരു സെക്‌സ്‌ റാക്കറ്റിന്റെ പിമ്പാണെന്ന്‌ തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ ദുരന്തം താന്‍ നേരില്‍ കണ്ടിരുന്നു. അവളുടെ കഥയാണ്‌ ഇത്‌.    പുരുഷനും സ്‌ത്രീയ്‌ക്കും ഉണ്ടാകും നന്മയുടെയും വിശുദ്ധിയുടെയും മറവില്‍ ഇത്തരം ആരുമറിയാതെ കാത്തുസൂക്ഷിക്കുന്ന ഇരട്ട വ്യക്തിത്വങ്ങള്‍. "എന്റെ..."എന്ന ഒറ്റവാക്കിലൂന്നിയ പേരിലൂടെ എന്താണ്‌ പറയാന്‍ ശ്രമിച്ചത്‌? 

ഒരു ദിവസം നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ്‌ 'എന്റെ' എന്നത്‌. നമുക്ക്‌ ഒരു കാര്യം അത്‌ നഷ്ടമോ ലാഭമോ സന്തോഷമോ സങ്കടമോ ആവട്ടെ അത്‌ ഫീല്‍ ചെയ്യണമെങ്കില്‍ അവനവന്റേതാവണം. ഈ സിനിമയിലൂടെ ആ ഫീലിങ്ങാണ്‌ പ്രേക്ഷകരുമായി ഞങ്ങള്‍ പങ്കുവയ്‌ക്കാന്‍ ശ്രമിക്കുന്നത്‌. പ്രേക്ഷകരില്‍ ആ ഫീലിങ്ങ്‌ ഉണ്ടായി എന്നു തന്നെയാണ്‌ അവരുടെ അനുഭവങ്ങളിലൂടെ മനസിലാവുന്നത്‌.

സുനിതയും രാജേഷും എടുത്ത സിനിമയെന്നു പറയുമ്പോള്‍ ചില മുന്‍വിധികള്‍ പ്രേക്ഷകര്‍ക്ക്‌ കാണുമല്ലോ? 

തീര്‍ച്ചയായും ഉണ്ടാകാം. എന്നാല്‍ ഈ സിനിമ നിര്‍മ്മിച്ചത്‌ ഒരു അവാര്‍ഡ്‌ സിനിമയുടെ ചട്ടക്കൂടില്‍ നിന്നല്ല.   മുഖ്യധാരാ സിനിമകളുടെ ചേരുവകള്‍ തന്നെയാണ്‌ ഈ സിനിമയുടെ ആകര്‍ഷണം. ഒരു സംഭവകഥ സിനിമയാക്കുമ്പേള്‍ അത്‌ എങ്ങനെയാകരുതെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതൊരു അവാര്‍ഡ്‌ സിനിമയല്ല. എല്ലാ പ്രേക്ഷകരും കണ്ടിരിക്കണം എന്ന ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ച സിനിമയാണ്‌ ഇത്‌. അതുകൊണ്ട്‌ സിനിമയ്‌ക്ക്‌ അവാര്‍ഡ്‌ കിട്ടുമെന്ന്‌ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ജനങ്ങളില്‍ സാമൂഹിക അവബോധം വളര്‍ത്താന്‍ സിനിമയോളം നല്ല മാധ്യമം ഇല്ല എന്നു തന്നെയാണ്‌ എന്റെ വിശ്വാസം. 

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ നല്‌കിയ ഫീഡ്‌ബായ്‌ക്ക്‌ എന്തായിരുന്നു? 

ഒരു സ്‌ത്രീ ഇന്നലെ രാത്രി എന്നെ വിളിച്ച്‌ പൊട്ടിക്കരഞ്ഞു. സത്യത്തില്‍ അവര്‍ക്കെവിടെ നിന്ന്‌ എന്റെ നമ്പര്‍ കിട്ടിയെന്നറിയില്ല. സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ എനിക്ക്‌ ഒന്നു തോന്നിയില്ല, പിന്നെ തിയേറ്റര്‍ വിട്ടിറങ്ങിയപ്പോള്‍ അവര്‍ വീട്ടിലേയ്‌ക്ക്‌ ഓടുകയായിരുന്നുവത്രേ. പിന്നെ മകളെ ചേര്‍ത്തു നിര്‍ത്തി കരഞ്ഞുപോയത്രേ അവര്‍.

മറ്റൊരു പുരുഷ പ്രേക്ഷകന്‍ രാത്രി പന്ത്രണ്ടരയ്‌ക്കാണ്‌ വിളിച്ചത്‌. അയാള്‍ സ്‌ത്രീകളെ തേടി സാധാരണ പോകാറുള്ള ഒരു മനുഷ്യനാണന്നാണ്‌ പറഞ്ഞത്‌. ഇന്നലെ രാത്രി വണ്ടി മിസായതു കൊണ്ടാണ്‌ അയാള്‍ ഈ സിനിമ കാണാന്‍ കയറിയത്‌. പക്ഷേ ഈ സിനിമ തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചുവെന്നും ഞാനിനി ആ വഴി പോകില്ലന്നും പറയുമ്പോള്‍ അയാളുടെ സ്വരം ഇടറി. ഇത്തരം നല്ല ഫീഡ്‌ബായ്‌ക്കാണ്‌ പ്രേക്ഷകരില്‍ നിന്ന്‌ കിട്ടുന്നത്‌. എന്നാലും പ്രേക്ഷകര്‍ കുറെ കൂടി പോസിറ്റീവായി തിയേറ്ററില്‍ പോയി കണ്ടാലെ ഈ സിനിമ വിജയിച്ചുവെന്ന്‌ ഒരു നിര്‍മാതാവെന്ന നിലയില്‍ എനിക്ക്‌ പറയാനാവൂ.

ഈ സിനിമ സ്‌ത്രീകള്‍ കണ്ടിരിക്കേണ്ട സിനിമയല്ല, പുരുഷന്മാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന്‌ സിനിമ കണ്ട ഒരു പ്രേക്ഷകന്‍ പറഞ്ഞത്‌?

നമ്മുടെ പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനാലയങ്ങളിലെ ക്യുവില്‍ പോലും പീഡിപ്പിക്കുന്ന സാഹചര്യമാണ്‌ ഉള്ളത്‌. ഒരാള്‍ ഇരയാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികവ്യഥ അയാളില്‍ എത്തിക്കാന്‍ നമുക്ക്‌ കഴിയണം. എന്തുകൊണ്ട്‌ സൂര്യനെല്ലി പെണ്‍കുട്ടി രക്ഷപ്പെടുവാന്‍ ശ്രമിച്ചില്ല എന്ന രീതിയില്‍ പ്രതികരിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. ഇത്തരം ചോദ്യങ്ങളോട്‌ മറ്റൊരു രീതിയില്‍ ഉത്തരമായി പ്രതികരിക്കുന്ന സിനിമ കൂടിയാണ്‌ ഇത്‌.

പീഡനമെന്നു കേട്ടാല്‍ മലയാളിയ്‌ക്ക്‌ ഒരു മുന്‍ വിധിയുണ്ട്‌, ഇത്‌ എന്റെ കുടുംബത്തിലെ സ്‌ത്രീകള്‍ക്ക്‌ സംഭവിക്കില്ല, മറ്റാരെയോ ബാധിക്കുന്നതാണെന്ന്‌? 

അതേ, പക്ഷേ ഈ മുന്‍വിധികളെ ഈ സിനിമ ചോദ്യം ചെയ്യുകയും തകര്‍ക്കുകയും ചെയ്യുന്നുണ്ട്‌. നമ്മുടെ പെണ്‍കുട്ടി എപ്പോള്‍ വേണമെങ്കിലും ഇരയാക്കപ്പെടാം എന്ന്‌ സിനിമ നമുക്ക്‌ കാണിച്ചു തരുന്നുണ്ട്‌. പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഈ സിനിമ കണ്ടിരിക്കണം.

പതിനഞ്ചാം വയസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയാണ്‌ താങ്കെളെന്നു കേട്ടിട്ടുണ്ട്‌. ആ അനുഭവം ഈ സിനിമയില്‍ കൊണ്ടു വന്നിട്ടുണ്ടോ?

അതേ, പക്ഷേ ഈ സിനിമയില്‍ എന്റെ ജീവിതാനുഭവങ്ങളെ ആവിഷ്‌കരിച്ചിട്ടില്ല, അത്‌ മറ്റൊരു ഫ്രെയിമില്‍ ചെയ്യേണ്ട കാര്യമാണെന്നാണ്‌ എന്റെ വിശ്വാസം.

സെക്‌സുമായി ബന്ധപ്പെട്ട സിനിമായാണ്‌ ഇത ഒപ്പം കച്ചവടസിനിമയും അപ്പോള്‍ സെക്‌സും വയലന്‍സും സ്‌ത്രീ നഗ്നതയുമൊക്കെ ഈ സിനിമയുടെ പ്രധാന ചേരുവയായി മാറിയിട്ടുണ്ടോ? 

മറ്റു സിനിമകളിലെ പോലെ സെക്‌സിനു വേണ്ടി സെക്‌സോ, നഗ്നതയ്‌ക്ക്‌ വേണ്ടി നഗ്നതയോ വയലന്‍സിനു വേണ്ടി വയലന്‍സോ ഈ സിനിമയില്‍ ചേര്‍ക്കേണ്ടി വന്നിട്ടില്ല. ഒന്നും കാണിക്കാതെ തന്നെ ഇതെല്ലാം കാഴ്‌ചക്കാരനു ഫീല്‍ ചെയ്യുന്നിടത്താണ്‌ ഈ സിനിമ വിജയിക്കുന്നത്‌. 

സ്‌ത്രീയുടെ വേദനകളെ മുന്‍നിറുത്തി സംസാരിക്കുന്ന അച്ഛനുറങ്ങാത്ത വീടു പോലെയുള്ള സിനിമകള്‍ നല്ലതാണെന്ന്‌ പറയുമ്പോഴും മലയാളികള്‍ ഇത്തരം സിനിമകള്‍ കാണുവാന്‍ മെനക്കെടാറില്ല. 

ഇത്തരം സിനിമകളെ അവര്‍ ഭയപ്പെടുന്നു. തന്റെ ചിന്താഗതിയെങ്ങാനും ഈ സിനിമ മാറ്റിമറിക്കുമോ എന്നാണ്‌ അവര്‍ക്ക്‌ ഭയം. ഒരു മുറിവുണ്ടെങ്കില്‍ അത്‌ മറച്ചുവയ്‌ക്കാനാണ്‌ നമ്മള്‍ ഇഷ്ടപ്പെടുന്നത്‌. അത്‌ ചീഞ്ഞളിഞ്ഞ്‌ നാറുന്നതുവരെ നാം അത്‌ മൂടിവയ്‌ക്കും. ഇത്തരം ദുരിതങ്ങളൊക്കെ നടക്കുമ്പോഴും മലയാളിയുടെ ചിന്ത ഇതൊക്കെ എന്റെ വീട്ടില്‍ നടക്കില്ലായെന്നാണ്‌. അതുകൊണ്ട്‌ തീര്‍ച്ചയായും എല്ലാവരും കാണണം ഈ സിനിമ.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണല്ലോ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്‌? എങ്ങനെയായിരുന്നു പ്രതികരണം?

ഇപ്പോഴും അവര്‍ തന്ന ഒരു പിന്തുണയാണ്‌ എന്റെ ശക്തി. എനിക്കറിയാത്ത എത്രയോ സ്‌ത്രീകള്‍ ഈ സിനിമ കണ്ട്‌ എന്നെ വിളിച്ച്‌ അഭിപ്രായം പറഞ്ഞു. ഇന്നലെ സിനിമ കാണാന്‍ എത്തിയ പ്രേക്ഷകരില്‍ ഭൂരിപക്ഷവും സ്‌ത്രീകള്‍ തന്നെയാണ്‌. അതാണ്‌ എന്റെ വിജയപ്രതീക്ഷ. ആദ്യം തിയറ്റേറില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു. സാധാരണ സിനിമ പ്രേക്ഷകര്‍ കണ്ട്‌ ചിരിച്ചു മറക്കുന്നു. എന്നാല്‍ ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനെ ഈ സിനിമ ചിന്തിപ്പിക്കുന്നു. അതുകൊണ്ട്‌ പക്ഷേ സിനിമ രണ്ടാം ഷോയില്‍ പ്രേക്ഷക സാന്നിദ്ധ്യം വര്‍ധിക്കുന്നുണ്ട്‌. ഉമിത്തീ പോലെ സിനിമ പ്രേക്ഷകന്റെ മനസിനെ ചുട്ടു പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ തീര്‍ച്ചയായും കാണും.

നവസിനിമകളും ചിരിപ്പടങ്ങളുമാണ്‌ തിയേറ്ററില്‍ നിറഞ്ഞോടുന്നത്‌. അപ്പോള്‍ ഇത്തരം അനുഭവ പശ്ചാത്തലത്തില്‍ എഴുതിയ സിനികള്‍ എങ്ങനെയാണ്‌ പ്രേക്ഷകര്‍ വിലയിരുത്തുന്നത്‌?

ഇതൊരു ചിരിപ്പടമല്ല. ഒരു കുടുംബചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ഈ സിനിമ പങ്കുവയ്‌ക്കുന്നത്‌.

സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍?

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയ്‌ക്കുള്ള അവാര്‍ഡ്‌ നേടിയ അഞ്‌ജലിയാണ്‌ സിനിമയിലെ നായിക. സിദ്ദിഖ്‌, നീനാ കുറുപ്പ്‌, ലക്ഷ്‌മി മേനോന്‍ എന്നിവര്‍ പ്രധാന റോളുകളില്‍ അഭിനയിക്കുന്നു. ശ്രീലങ്കന്‍ വംശീയപ്രശ്‌നങ്ങളെപ്പറ്റി പറയുന്ന "ഇന്‍ ദി നെയിം ഓഫ്‌ ബുദ്ധ" എന്ന സിനിമയുടെ സംവിധായകന്‍ രാജേഷ്‌ ടച്ച്‌റിവറാണ്‌ ഈ സിനിമ സംവിധാനം ചെയ്‌തത്‌. 

പ്രേക്ഷകന്റെ ഹൃദയത്തിലേയ്‌ക്ക്‌ സിനിമയെ എത്തിക്കുന്ന രീതിയിലാണ്‌ സംഭാഷണം. നെടുങ്കുന്നം സ്വദേശിയായ യുവ പത്രപ്രവര്‍ത്തകന്‍ ജസ്റ്റിന്‍ ജോസഫാണ്‌ സംഭാഷണരചന നിര്‍വഹിച്ചിരിക്കുന്നത്‌.   ശരത്‌ സംഗീത സംവിധാനം നിര്‍മ്മിച്ച ഈ സിനിമയുടെ ഛായാഗ്രാഹകന്‍ രാമതുളസിയാണ്‌. കലാസംവിധാനം രാജീവ്‌ നായരാണ്‌. എഡിറ്റിങ്ങ്‌ ഡോണ്‍ മാക്‌സ്‌. 

സിനിമയുടെ മുതല്‍ മുടക്ക്‌?

മൂന്നര കോടിയാണ്‌ ഈ സിനിമയുടെ മുതല്‍ മുടക്ക്‌. എന്റെ ഹൈദരാബാദിലെ വീട്‌ വിറ്റും ചെറിയ സാമ്പാദ്യങ്ങളെല്ലാം മുടക്കിയുമാണ്‌ ഈ സിനിമ നിര്‍മ്മിക്കാന്‍ ഞാന്‍ പണം കണ്ടെത്തിയത്‌. ഈ സിനിമയുടെ തെലുങ്ക്‌ പതിപ്പ്‌ ഉടന്‍ പുറത്തിറങ്ങും.

ഈ സിനിമ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌ ഡല്‍ഹി പെണ്‍കുട്ടിക്കോ പിഞ്ചുകുഞ്ഞിന്റെ ഇളംമേനിയില്‍ പോലും തീക്ഷ്‌ണ കാമത്തിന്റെ അഗ്നിയില്‍ ശലഭം തേടുന്നവര്‍ക്കോ? അതോ പതിനഞ്ചാം വയസില്‍ കൂട്ട ബലാത്സംഗത്തിനിരയായിട്ടും പതറാതെ പഠിച്ച്‌ ഡോക്ടേറേറ്റും നേടി ജീവിതത്തിന്റെ പന്ഥാവില്‍ അനേകായിരം സ്‌ത്രീകളെ പുനരധിവസിപ്പിക്കുന്ന സുനിതമാര്‍ക്കോ... തന്റെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടുവെന്ന ധാരണയില്‍ ജീവിതത്തെ വെറുത്ത്‌ സമൂഹമധ്യത്തില്‍ ഏകയായി തന്റെ ദുര്‍വിധിയില്‍ ശപിച്ചു കഴിയണമെന്നാണ്‌ ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളോടുള്ള സമൂഹമതം. എന്നാല്‍ സുനിത എന്ന സ്‌ത്രീ തന്റെ ദുരന്തത്തെ നേരിട്ടത്‌ കരഞ്ഞു നിലവിളിച്ചല്ല തന്നെപ്പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അനേകായിരം സ്‌ത്രീകള്‍ക്ക്‌ അവള്‍ നീട്ടിയ കൈ സ്‌നേഹത്തിന്റെയും സമാശ്വാസത്തിന്റെയും പൊന്‍തൂവലാണ്‌. 

ഡല്‍ഹി സംഭവത്തില്‍ നിങ്ങള്‍ ശരിക്കും ദുഃഖിതനാണെങ്കില്‍ അവളുടെ വേദന മനസിന്റെ അടിത്തട്ടില്‍ പതിഞ്ഞുവെങ്കില്‍ നിങ്ങള്‍ ആ പെണ്‍കുട്ടിക്ക്‌ വേണ്ടി കത്തിക്കാന്‍ കരുതിയ മെഴുകുതിരി കാലുകള്‍ നിങ്ങളുടെ മനസില്‍ തെളിക്കും മുമ്പേ തീയേറ്ററിലെത്തി ഈ സിനിമ കാണുക. ഈ സിനിമ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റാകുമെന്നതു തീര്‍ച്ച.