Breaking News

Trending right now:
Description
 
Jun 22, 2016

പുതുചരിത്രം കുറിച്ച്‌ 20 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി വിക്ഷേപിച്ചു

image ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത്‌ പുതുചരിത്രം കുറിച്ചുകൊണ്ട്‌ പിഎസ്‌എല്‍വി സി-34 വിക്ഷേപിച്ചു. ഒറ്റവിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങളാണ്‌ ഭ്രമണപഥത്തിലെത്തിക്കുക. ഇന്നു രാവിലെ ശ്രീഹരികോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്നാണ്‌ വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്‌. വിക്ഷേപിച്ച്‌ 26 മിനിറ്റം 30 സെക്കന്‍ഡും കൊണ്ട്‌ ദൗത്യം പൂര്‍ത്തികരിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ ഐഎസ്‌ആര്‍ഒ. രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌ 2 സിയ്‌ക്കു പുറമേ അമേരിക്ക, കാനഡ, ജര്‍മ്മനി ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെയും ഉപഗ്രഹങ്ങളും ഗൂഗിള്‍ കമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈ സാറ്റ്‌ ജെന്‍ 2-1 ഉപഗ്രഹവും ഉള്‍പ്പെടെ 17 ഉപഗ്രഹങ്ങളും ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ട്‌ ഉപഗ്രഹങ്ങളുമാണ്‌ പിഎസ്‌എല്‍വി സി-34 വഹിക്കുന്നത്‌. ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെയും പൂന കോളജ്‌ ഓഫ്‌ എന്‍ജിനിയറിംഗിന്റെയും ഓരോ ഉപഗ്രഹങ്ങളുമുണ്ട്‌. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റിന്‌ 727.5 കിലോ ഭാരമുണ്ട്‌. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ്‌ ലക്ഷ്യത്തിലെത്തും. തുടര്‍ന്ന്‌ ഒന്നിന്‌ പിന്നാലെ മറ്റൊന്നായി മറ്റുള്ളവയും ലക്ഷ്യത്തിലെത്തിക്കും. മുപ്പതുമുതല്‍ 60 വരെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണിത്‌.

ഇതാദ്യമായാണ്‌ ഒറ്റയടിക്ക്‌ 20 ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുന്നത്‌. 2008 ഏപ്രിലില്‍ കാര്‍ട്ടോസാറ്റ്‌-2 എ ഉപഗ്രഹത്തിനൊപ്പം പത്ത്‌ നാനോ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. 2015 ഡിസംബറില്‍ ആറ്‌ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. ഇത്തവണ 22 ഉപഗ്രഹങ്ങളെ ഒന്നിച്ച്‌ വിക്ഷേപിക്കാനാണ്‌ നേരത്തെ തീരുമാനിച്ചിരുന്നത്‌. ഇറ്റലിയുടെ രണ്ടെണ്ണംകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിക്ഷേപണത്തിനു മുമ്പുള്ള പരീക്ഷണങ്ങള്‍ക്ക്‌ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒഴിവാക്കുകയായിരുന്നു. റഷ്യയുടെ പേരിലാണ്‌ ഒറ്റയടിക്ക്‌ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റെക്കോര്‍ഡ്‌. 2014-ല്‍ 37 ഉപഗ്രഹങ്ങളാണ്‌ ഈവിധം വിക്ഷേപിച്ചത്‌. വന്‍കിടരാജ്യങ്ങളെ അപേക്ഷിച്ച്‌ പത്തിലൊന്ന്‌ ചെലവേ വരൂ എന്നതാണ്‌ ഉപഗ്രഹവിക്ഷേപണത്തിനായി ഇന്ത്യയെ ആശ്രയിക്കാന്‍ വിദേശകമ്പനികളെ പ്രേരിപ്പിക്കുന്നത്‌.