Breaking News

Trending right now:
Description
 
Jun 19, 2016

പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പദവി വേണമെന്നു വിഎസ്‌

image ആലങ്കാരിക പദവികള്‍ തനിക്കു വേണ്ടെന്നും പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പദവിയാണ്‌ വേണ്ടതെന്നും വി.എസ്‌.അച്യുതാനന്ദന്‍. ശനിയാഴ്‌ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗത്തിനു മുമ്പ്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ട്‌ കണ്ടാണ്‌ വിഎസ്‌ ഇക്കാര്യം അറിയിച്ചത്‌. സംസ്ഥാനത്ത്‌ തന്നെ സ്ഥാനമോഹിയായി ചിത്രീകരിക്കാനുള്ള നീക്കത്തിനു വഴങ്ങില്ല. സ്ഥാനങ്ങള്‍ മോഹിച്ചു നടക്കുന്നയാളായി ചിത്രീകരിക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും വിഎസ്‌ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. വിഎസിനെ കാബിനറ്റ്‌ റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാമെന്നു സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി വൈകുകയാണ്‌. തീരുമാനം നടപ്പാക്കത്തതിലെ ശരികേട്‌ യച്ചൂരി കഴിഞ്ഞദിവസം പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസിനെ തിരികെ പ്രവേശിപ്പിക്കണമെങ്കില്‍ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മിഷന്റെ നടപടി പൂര്‍ത്തിയാവണമെന്നാണ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്‌. വിഎസിനെതിരായ സംസ്ഥാന നേതൃത്വം നല്‍കിയ ഗൗരവമാര്‍ന്ന ഒട്ടേറെ പരാതികള്‍ പിബി കമ്മീഷന്റെ പരിഗണനയിലിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണു സര്‍ക്കാരില്‍ ഏതെങ്കിലും പദവി സ്വീകരിക്കണമെങ്കില്‍ പാര്‍ട്ടി ഘടകത്തിലും അഗത്വം നല്‍കണമെന്ന സമ്മര്‍ദ തന്ത്രം വിഎസ്‌ പ്രയോഗിക്കുന്നത്‌. വിഎസിനോട്‌ സംസ്ഥാന സര്‍ക്കാരില്‍ പദവി സ്വീകരിക്കണമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്‌. പിബിയാണ്‌ വിഎസിനു കാബിനറ്റ്‌ റാങ്കോടുകൂടിയ സര്‍ക്കാര്‍ പദവി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിനു നല്‍കിയതെന്നും അതു സ്വീകരിക്കാതിരിക്കരുതെന്നും യെച്ചൂരി വിഎസിനോട്‌ ആവശ്യപ്പെട്ടു. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പദവിയുടെ കാര്യത്തിലും പിബി കമ്മീഷന്റെ തുടര്‍നടപടികളുടെ കാര്യത്തിലും വിസ്‌ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്‌. വിഎസിന്റെ പദവിയുമായി ബന്ധപ്പെടുത്തി പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവാകുന്ന കാബിനറ്റ്‌ റാങ്ക്‌ നല്‍കുന്നത്‌ ഉചിതമാണോ എന്നു ചോദ്യത്തിന്‌ വിഷയം സര്‍ക്കാരിനു മുമ്പില്‍ വരുമ്പോള്‍ പരിശോധിക്കാമെന്നായിരുന്നു പിണറായിയുടെ മറുപടി.