Breaking News

Trending right now:
Description
 
Jun 18, 2016

ചരിത്രത്തിലാദ്യമായി ആകാശവാണിയുടെ പ്രക്ഷേപണം മുടങ്ങി

image കനത്ത കാറ്റിലും മഴയിലും തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ ട്രാന്‍സ്‌മിറ്റര്‍ ടവര്‍ തകര്‍ന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം നിലച്ചു. കുളത്തൂരില്‍ സ്ഥിതി ചെയ്‌തിരുന്ന 120 മീറ്റര്‍ ഉയരമുള്ള ട്രാന്‍സ്‌മിറ്റര്‍ ടവറാണ്‌ വെള്ളിയാഴ്‌ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണത്‌. നിലംപൊത്തിയ ടവര്‍ പൂര്‍ണതോതില്‍ പുനസ്ഥാപിക്കാന്‍ മൂന്നുമാസത്തിലേറെ സമയമെടുക്കും. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലയിലെ ആകാശവാണിയുടെ പ്രക്ഷേപണം താല്‍ക്കാലികമായി എഫ്‌എം സ്റ്റേഷന്‍വഴി നടത്തും. അങ്ങനെ ചെയ്‌താലും 50 കിലോമീറ്റര്‍ ചുറ്റളവിനപ്പുറത്തുള്ളവര്‍ക്ക്‌ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയില്ല. ടവര്‍ പുനസ്ഥാപിക്കും വരെ ഇതിനു പുറത്തുള്ള ശ്രോതാക്കള്‍ക്കു പരിപാടികള്‍ കേള്‍ക്കാന്‍ കഴിയില്ല. തകര്‍ന്നുവീണ ടവറിന്‌ 20 കിലോവാട്‌സ്‌ പ്രസരണശേഷിയാണ്‌ ഉണ്ടായിരുന്നത്‌. വാര്‍ത്തകളും തദ്ദേശീയ പരിപാടികളുമാണ്‌ ഇതിലൂടെ കൂടുതലും പ്രക്ഷേപണം ചെയ്‌തിരുന്നത്‌. പ്രകൃതിക്ഷോഭത്തെ നേരിടാനുള്ള കരുത്തോടെയാണ്‌ ട്രാന്‍സ്‌മിഷന്‍ ടവര്‍ സ്ഥാപിച്ചിരുന്നതെങ്കിലും കനത്തകാറ്റിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ല.1937 സെപ്‌റ്റംബര്‍ 30ന്‌ പ്രക്ഷേപണം ആരംഭിച്ചശേഷം ഇത്രയും വലിയൊരു ഇടവേളയില്‍ ആകാശവാണിയുടെ പ്രക്ഷേപണത്തിന്‌ തടസം നേരിടുന്നത്‌ ഇതാദ്യമായാണ്‌.