Jun 18, 2016
ജിഷ വധം: അമീറുലിനെ റിമാന്‍ഡ് ചെയ്തു
കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അറസ്റ്റിലായ ആസാം
സ്വദേശി അമീറുല്‍ ഇസ് ലാമിനെ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14
ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 30 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍
വിട്ട പ്രതിയെ കാക്കനാട് സബ്ജയിലിലാക്കി. ഇവിടെവച്ചാകും തിരിച്ചറിയല്‍
പരേഡ് നടത്തുക. മുഖം കാണാതിരിക്കാന്‍ ഹെല്മറ്റുകൊണ്ടു മറച്ചാണു പ്രതിയെ
കോടതിയില്‍ ഹാജരാക്കിയത്. ജിഷയെ കൊലപ്പെടുത്താനുള്ള യഥാര്‍ഥ കാരണം പ്രതി
വെളിപ്പെടുത്തിയിട്ടില്ല. അമീറിന്റെ ജീവിത പശ്ചാത്തലം അന്വേഷിക്കാന്‍
പ്രത്യേകസംഘം അടുത്തദിവസം ആസാമിലേക്ക് തിരിക്കും. പെരുമ്പാവൂരിലെ
അമീറിന്റെ ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലോഡ്ജ്
മുറിയില്‍നിന്നു പല ദിവസങ്ങളിലും രാത്രികാലങ്ങളില്‍ ഒരു യുവാവിനൊപ്പം
അമീറുല്‍ പുറത്തുപോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ
യുവാവിനെസംബന്ധിച്ചുള്ള ചോദ്യങ്ങളും അമീര്‍ വ്യക്തമായ മറുപടി
നല്‍കിയിട്ടില്ല. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള ചോദ്യം
ചെയ്യലിലും കൊലപാതകകാരണത്തില് വ്യക്തത വന്നിട്ടില്ലെന്നു പൊലീസ്
വ്യക്തമാക്കി.
മജിസ്ട്രേട്ട് പ്രതിയോട് ദ്വിഭാഷിയുടെ സഹായത്തോടെ രണ്ടു കാര്യങ്ങളാണു
പ്രധാനമായും ചോദിച്ചത്. പൊലീസ് മര്‍ദിച്ചിരുന്നോ, നിയമസഹായം ആവശ്യമുണ്ടോ
എന്നിവയായിരുന്നു ചോദ്യങ്ങള്‍. പൊലീസ് മര്‍ദിച്ചില്ലെന്നും നിയമസഹായം
ആവശ്യമുണ്ടെന്നും പ്രതി മറുപടി നല്കി. അമീറുലിന്റെ ആവശ്യപ്രകാരം അഡ്വ. പി.
രാജനെ കോടതിതന്നെ പ്രതിക്കുവേണ്ടി നിയോഗിച്ചു. ആലുവയില്‍ മെഡിക്കല്‍ സംഘം
പരിശോധന നടത്തിയ ശേഷമാണു പ്രതിയെ കോടതിയിലേക്കു കൊണ്ടുപോയത്. കേസ്
അന്വേഷണത്തില്‍ കാലതാമസം നേരിടാതിരിക്കാന്‍ തിരിച്ചറിയല്‍ പരേഡ് സബ്
ജയിലില്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. ജുഡീഷല്‍ മജിസ്ട്രേറ്റിന്റെ
സാന്നിധ്യത്തിലാകും തിരിച്ചറിയല്‍ പരേഡ്. ഇന്നു തിരിച്ചറിയല്‍ പരേഡ്
നടത്തിയേക്കും. ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി ഇരിങ്ങോളില്‍
നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായി കൊല്ലപ്പെടുന്നത്.