Breaking News

Trending right now:
Description
 
Jun 17, 2016

ജോണിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും

image ഒമാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്രോള്‍ പമ്പ്‌ ജീവനക്കാരന്‍ കോട്ടയം മണര്‍കാട്‌ ചെറുവിലാകത്ത്‌ ജോണ്‍ ഫിലിപ്പിന്റെ (ജോണിക്കുട്ടി-47) മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും. ജോണിന്റെ പോസ്‌റ്റുമോര്‍ട്ടം നടത്തിയെങ്കിലും പൊലീസ്‌ നടപടികള്‍കൂടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ ആശുപത്രിക്കു കൈമാറിയാലേ മൃതദേഹം എംബാം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. ഒമാനില്‍ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വാരാന്ത്യ അവധിയായതിനാല്‍ ഞായറാഴ്‌ച നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്‌ച മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ്‌ ബന്ധുക്കള്‍ കരുതുന്നത്‌. എംബസി അധികൃതര്‍ ജോണിന്റെ ഭാര്യ ബിനുവിനെ വിളിച്ചു സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. ബുധനാഴ്‌ച ഇബ്രി പ്രവിശ്യയില്‍ തനാമിനും ഫഹൂദിനുമിടയ്‌ക്ക്‌ മസ്രൂക്ക്‌ എന്ന സ്ഥലത്താണ്‌ ജോണിന്റെ മൃതദേഹം കണ്ടത്‌. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പെട്രോള്‍ പമ്പില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്‌ച മോഷണം ചെറുക്കുന്നതിനിടെയാണ്‌ അജ്ഞാതര്‍ ജോണിനെ തട്ടിക്കൊണ്ടുപോയത്‌. 13 വര്‍ഷമായി ജോണ്‍ ഇവിടെ മാനേജരായി ജോലി ചെയ്‌തുവരുകയായിരുന്നു. പെട്രോള്‍ പമ്പില്‍നിന്നു മോഷണം പോയ സിസിടിവിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്‌ കണ്ടെത്താനായില്ല. ഇതുലഭിച്ചാലേ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാവൂ. കൊലപാതകക്കേസില്‍ കസ്റ്റഡിയിലായിരുന്ന ആറ്‌ ഒമാനികളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ്‌ വ്യക്തമാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌. ജോണിനെ കാണാതായതിനു പിറ്റേദിവസം തന്നെ പൊലീസ്‌ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ വച്ചാണു ജോണിന്റെ മൃതദേഹം കണ്ടെടുത്തത്‌.