Breaking News

Trending right now:
Description
 
Jun 17, 2016

വിവാദങ്ങള്‍ക്കൊടുവില്‍ ഉഡ്‌ത പഞ്ചാബ്‌ ഇന്നു റിലീസിന്‌

image സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ബോളിവുഡ്‌ ചലച്ചിത്രം ഉഡ്‌ത പഞ്ചാബ്‌ ഇന്നു തിയറ്ററുകളിലേക്ക്‌. രാജ്യത്തുടനീളം 8000 തിയറ്ററുകളിലാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌. നേരത്തെ, സിനിമയില്‍നിന്നു 89 ഭാഗങ്ങള്‍ വെട്ടിനീക്കണമെന്ന സെന്‍സര്‍ ബോര്‍ഡ്‌ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ്‌ സിനിമ രാജ്യശ്രദ്ധ നേടുന്നത്‌. ചിത്രത്തിന്റെ റിലീസ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ച ഹ്യൂമന്‍ റൈറ്റ്‌സ്‌ അസോസിയേഷനിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇക്കാര്യം പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി മുമ്പാകെ ഉന്നയിക്കാന്‍ ഹര്‍ജിക്കാരന്‌ അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. 13 ഭാഗങ്ങളിലായി 89 പരാമര്‍ശങ്ങള്‍ നീക്കിയാല്‍ മാത്രമേ അനുമതി നല്‍കൂവെന്ന സെന്‍സര്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിലപാടു തള്ളിയ കോടതി 48 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ഉത്തവിടുകയും ചെയ്‌തു. ഒഴിവാക്കണമെന്നു ബോര്‍ഡ്‌ ആവശ്യപ്പെട്ട എല്ലാ സീനുകളും പരിശോധിച്ച കോടതി നായകന്‍ മൂത്രമൊഴിക്കുന്ന ഭാഗം മാത്രം നീക്കിയാല്‍ മതിയെന്നു നിര്‍ദേശിച്ചു. ചിത്രം ലഹരിമരുന്ന്‌ ഉപയോഗത്തെ പ്രോത്സാഹിപ്പുക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മുതല്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്‌. നീക്കംചെയ്യണമെന്നു കോടതി നിര്‍ദേശിച്ച ഒരു രംഗം ഉള്‍പ്പെടെയാണു ചിത്രം പുറത്തായത്‌. വീഡിയോയില്‍ സെന്‍സറിനുവേണ്ടി എന്ന്‌ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ബോര്‍ഡുമായി ബന്ധപ്പെട്ടവരായിരിക്കും ചിത്രം പുറത്തുവിട്ടതെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു.