Breaking News

Trending right now:
Description
 
Jun 17, 2016

അമീറുലിനെ ഇന്നു കോടതിയില്‍ ഹാജരാക്കും; കൊലക്കത്തി കണ്ടെത്തി

image പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയെ (31) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആസം ഗുവാഹത്തി സ്വദേശി അമീറുല്‍ ഇസ്‌ ലാംമിനെ (23) ഇന്ന്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. രോഷാകുലരായ ജനം പ്രതിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവരഹസ്യമായിട്ടാവും കോടതിയില്‍ എത്തിക്കുക. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതിയെ അന്വേഷണസംഘം 15 ദിവസത്തെ കസ്റ്റഡിയില്‍വാങ്ങും. തിരിച്ചറിയല്‍ പരേഡും നടത്തും. കൃത്യം നടത്തിയത്‌ ഇയാളാണെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായി എഡിജിപി ബി. സന്ധ്യ അറിയിച്ചെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താനാവില്ലെന്ന്‌ അവര്‍ പറഞ്ഞു. പ്രതിക്ക്‌ പരമാവധി ശിക്ഷ നല്‍കുന്നതരത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുമെന്നും എഡിജിപി വ്യക്തമാക്കി. പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ എഡിജിപി സന്ദര്‍ശിച്ചിരുന്നു. അമീറുലിനെ അറസ്റ്റു ചെയ്‌തതോടെ ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ്‌ കണ്ടെടുത്തു. ഇന്നലെ വൈകിട്ട്‌ ആറരയോടെ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ പ്രതിയുടെ ലോഡ്‌ജ്‌ മുറിയില്‍നിന്നാണ്‌ ഒളിപ്പിച്ച നിലയില്‍ രക്തം പറ്റിപ്പിടിച്ച കത്തിയും വസ്‌ത്രങ്ങളും കണ്ടെടുത്തത്‌. കേസിന്റെ നിര്‍ണായക തെളിവുകൂടിയാണിത്‌.

കൊലപാതകം നടന്നു ഒന്നരമാസത്തിനുശേഷമാണ്‌ പ്രതി പിടിയിലായത്‌. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ്‌ അറസ്റ്റ്‌. ജ്‌ിഷയുടെ ചുരിദാറില്‍ കണ്ടെത്തിയ ഉമിനീര്‍, നഖത്തിനടിയില്‍ കണ്ടെത്തിയ ചര്‍മകോശങ്ങള്‍, വാതില്‍ക്കൊളുത്തിലെ രക്തം എന്നിവയുടെ ജനിതകഘടന അമീറുലിന്റേതു തന്നെയാണെന്നു തിരുവനന്തപുരം ഫോറന്‍സിക്‌ സയന്‍സ്‌ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ വീടിനു സമീപത്തെ കനാല്‍ക്കരയില്‍ അമീറുല്‍ ഉപേക്ഷിച്ച ചെരുപ്പാണ്‌ കേസില്‍ നിര്‍ണായക വഴിത്തിരിവായത്‌. മുന്‍വൈരാഗ്യമാണ്‌ കൊലപാതകത്തിനു കാരണമെന്നു പ്രതി മൊഴിനല്‍കിയിട്ടുണ്ട്‌. ജിഷയുടെ വീടുപണിയുമായി ബന്ധപ്പെട്ട്‌ എത്തിയ അമീറുലിനെ ജിഷയ്‌ക്ക്‌ പരിചയമുണ്ടായിരുന്നു. ഈ സൗഹൃദംവച്ചാണ്‌ സംഭവദിവസം രാവിലെ ഇയാള്‍ ജിഷയുടെ വീട്ടിലെത്തിയത്‌. വീട്ടില്‍വച്ച്‌ അമീറുല്‍ മോശമായി പെരുമാറിയതോടെ ജിഷ ചെരുപ്പൂരി ഭീഷണിപ്പെടുത്തി അമൂറുലിനെ പുറത്താക്കി. അതിന്റെ പകയില്‍ പുറത്തുപോയ അമീറുല്‍ വൈകുന്നേരം മദ്യപിച്ച്‌ തിരിച്ചെത്തി കൊലപാതകം നടത്തുകയായിരുന്നു. പ്രതിയെ അറസ്റ്റു ചെയ്‌തതോടെ കസ്‌റ്റഡിയിലുള്ള ഒട്ടേറെപ്പേര്‍ക്ക്‌ രക്ഷപ്പെടാനായി.