Breaking News

Trending right now:
Description
 
Jun 16, 2016

കൊലയാളി അസാം സ്വദേശിതന്നെ; പൊലീസിന്‌ ഇതു പൊന്‍തൂവല്‍: മുഖ്യമന്ത്രി

image ജിഷ കൊലക്കേസിലെ പ്രതി അസാം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്‌ലാം (23) തന്നെയെന്ന്‌ തെളിയിച്ചുകൊണ്ട്‌ ഡിഎന്‍എ പരിശോധനഫലം പുറത്തുവന്നു. ഇയാളില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍നിന്നു ശേഖരിച്ച പ്രതിയുടെ മൂന്ന്‌ ഡിഎന്‍എ സാമ്പിളുകളും ഒന്നുതന്നെയാണെന്നു തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുദിവസം മുമ്പാണ്‌ തൃശൂര്‍-പാലക്കാട്‌ അതിര്‍ത്തിയില്‍നിന്ന്‌ അമിയൂറിനെ കസ്റ്റഡിയില്‍ എടുത്തത്‌. ശാസ്‌ത്രീയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഇനി പൊലീസിന്‌ അറസ്റ്റ്‌ രേഖപ്പെടുത്തുക എന്ന നിയമപരമായ നടപടിമാത്രമേയുള്ളൂ. അതേസമയം, പ്രതിയെ പിടികൂടാനായത്‌ പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നും പ്രതിയെക്കുറിച്ചുള്ള എല്ലാ വിവരവും വൈകാതെ പുറത്തുവിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പ്രതി ലൈംഗിക വൈകൃതമുള്ളയാളാണെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. മദ്യപനായിരുന്ന ഇയാളുടെ ഇംഗിതത്തിന്‌ വഴങ്ങാത്തതാണ്‌ ജിഷയുടെ കൊലപാതകത്തില്‍ കലാശിച്ചത്‌. തുടര്‍ന്ന്‌ മൃതദേഹത്തില്‍ ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരന്നു. സംഭവ ദിവസം രാവിലെയും ഇയാള്‍ ജിഷയുടെ വീട്ടിലെത്തിയിരുന്നുവെന്നും വിവരം ലഭിച്ചു. വീട്ടിലെത്തിയ ഇയാള്‍ ജിഷയോട്‌ മോശമായി പെരുമാറി. ഇതിനോട്‌ രൂക്ഷമായി പ്രതികരിച്ചതിന്റെ പ്രതികാരമായാണ്‌ ജിഷയുടെ കൊലയിലേക്ക്‌ നയിച്ചതെന്നാണ്‌ സൂചന. ജിഷയുടെ വീടിനു സമീപത്തുനിന്നു കണ്ടെത്തിയ രക്തംപുരണ്ട ചെരുപ്പാണ്‌ പ്രതിയും പൊലീസും തമ്മിലുള്ള അകലം കുറച്ചത്‌. ചെരുപ്പില്‍ പുരണ്ടിരുന്ന രക്തം ജിഷയുടേതാണെന്നു പൊലീസ്‌ കണ്ടെത്തിയിരുന്നു. ചെരുപ്പ്‌ പെരുമ്പാവൂരിലെ കടയുടമ തിരിച്ചറിഞ്ഞതാണ്‌ പ്രതിയിലേക്ക്‌ അന്വേഷണം എത്തിച്ചത്‌. തന്റെ കടയില്‍നിന്ന്‌ അമിയൂര്‍ ചെരുപ്പ്‌ വാങ്ങിയിരുന്നതായി കടയുടമ പൊലീസിന്‌ മൊഴി നല്‍കി.