Breaking News

Trending right now:
Description
 
Jun 16, 2016

കൊല്ലം കലക്ട്രേറ്റില്‍ ബോംബ്‌ സ്‌ഫോടനം

image കൊല്ലം കലക്ട്രേറ്റ്‌ വളപ്പില്‍ കോടതിക്കു സമീപം വന്‍ ബോംബ്‌ സ്‌ഫോടനം. ബോംബിന്റെ ചീളുകള്‍ തെളിച്ചുവീണ്‌ ഒരാള്‍ക്ക്‌ പരുക്കേറ്റു. ഇന്നലെ രാവിലെ 10.30യോടെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്താണ്‌ ഉഗ്ര സ്‌ഫോടനത്തോടെ ബോംബ്‌ പൊട്ടിയത്‌. കലക്ടറുടെ ഓഫിസിനു പിന്നില്‍ അമ്പത്‌ മീറ്റര്‍ അകലെ അഡീഷനല്‍ മുന്‍സിഫ്‌ കോടതിക്കു മുമ്പിലായിരുന്നു സ്‌ഫോടനം. കോടതിവളപ്പില്‍ തൊഴില്‍വകുപ്പിന്റെ ജീപ്പിനും സമീപത്തെ മരത്തിനും ഇടയ്‌ക്കാണ്‌ തീവ്രപ്രകാശത്തോടെ സ്‌റ്റീല്‍ബോംബ്‌ പൊട്ടിത്തെറിച്ചത്‌. ബോംബിന്റെ ചീളുകള്‍ തെറിച്ചുവീണ്‌ ഡിസിസി അംഗം കുണ്ടറ പേരയം പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റുമായ സാബുവിനാണ്‌ പരുക്കേറ്റത്‌. വലതുകണ്ണിലാണ്‌ പരുക്ക്‌. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിന്റെ ആവശ്യത്തിനു കോടതിക്കു സമീപം സാബു നില്‍ക്കുമ്പോഴായിരുന്നു സ്‌ഫോടനം. ബോംബിന്റെ ഭാഗങ്ങള്‍ കോടതിക്കുള്ളിലേക്കു തെറിച്ചുവീണു. സ്‌ഫോടനശബ്ദം അരകിലോമീറ്റര്‍ അകലെവരെയെത്തി. പരിസരമാകെ പുകച്ചുരുളുകള്‍ ഉയര്‍ന്നു. അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധവും വ്യാപിച്ചു. കളക്‌ടറേറ്റ്‌ പരിസരത്ത്‌ എത്തിയവരെല്ലാം പൊലീസ്‌ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറി. പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി.

സിറ്റി പൊലീസ്‌ കമ്മീഷണര്‍ എസ്‌. സതീഷ്‌ ബിനോ, കൊല്ലം ക്രൈംബ്രാഞ്ച്‌ എസ്‌പി ടി.എഫ്‌. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും ബോംബ്‌ സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ജീപ്പിനടിയില്‍ നിന്നു 17 ബാറ്ററികളും 14 ഫ്യൂസുകളും സ്റ്റീല്‍ പാത്രത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തു. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന വയറുകളും കണ്ടെത്തി. ഇവ കൊണ്ടുവന്ന ബാഗും സ്ഥലത്തുനിന്നു ലഭിച്ചു. ആസൂത്രിതമായ ബോംബ്‌ സ്‌ഫോടനമാണു നടന്നതെന്നാണു പൊലീസ്‌ കരുതുന്നത്‌. ഇലക്‌ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ച സാഹചര്യത്തില്‍ ഇത്തരം ബോംബ്‌ നിര്‍മാണത്തില്‍ വൈദഗ്‌ധ്യമുള്ളവരാണ്‌ ഇതിനു പിന്നിലെന്നു സംശയിക്കുന്നു. സ്‌ഫോടനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം വ്യക്തമല്ല. പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ബോംബ്‌ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ വിവിധ ജില്ലകളിലെ കലക്ട്രേറ്റ്‌ വളപ്പിലും റയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്‍ഡ്‌ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രത്യേക പൊലീസ്‌ സംഘം പരിശോധന നടത്തി.