Breaking News

Trending right now:
Description
 
Jun 16, 2016

ഒമാനില്‍ തട്ടിക്കൊണ്ടുപോയ മലയാളിയുടെ മൃതദേഹം കണ്ടെത്തി

image ഒമാനില്‍ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന മലയാളിയായ പെട്രോള്‍ പമ്പ്‌ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മണര്‍കാട്‌ ചെറുവിലാകത്ത്‌ ജോണ്‍ ഫിലിപ്പിന്റെ (46) മൃതദേഹമാണ്‌ പെട്രോള്‍ പമ്പിന്‌ ഏഴു കിലോമീറ്റര്‍ അകലെ പനാമിനും ഫഹൂദിനും ഇടയ്‌ക്കുള്ള കനാലിനടുത്തു കണ്ടെത്തിയത്‌. ഇബ്രി പ്രവിശ്യയിലെ ഉള്‍പ്രദേശമാണിത്‌. മരിച്ചത്‌ ജോണ്‍ ഫിലിപ്പാണെന്ന്‌ ഒമാനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ജോണ്‍ ഫിലിപ്പിനൊപ്പം ജോലി ചെയ്‌ത മലയാളിയായ സലാമാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. മൃതദേഹം പൊലീസ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. മസ്‌കത്തില്‍നിന്നു 400 കിലോമീറ്റര്‍ അകലെ ഇബ്രി-ബുറൈമി റോഡില്‍ സുനീന പ്രദേശത്തെ പെട്രോള്‍ പമ്പിലെ മാനേജരായ ജോണ്‍ ഫിലിപ്പിനെ വെള്ളിയാഴ്‌ച രാത്രിയിലാണ്‌ കാണാതായത്‌. സംഭവദിവസം ജോണ്‍ പമ്പില്‍ ഒറ്റയ്‌ക്കായിരുന്നപ്പോള്‍ ആക്രമണത്തിനു ഇരയാവുകയായിരുന്നു. ഓഫിസില്‍ രക്തത്തുള്ളികള്‍ തുടച്ചുമാറ്റിയതായി പൊലീസ്‌ കണ്ടെത്തിയിരുന്നു. സിസിടിവിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്‌ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്‌ ലഭിച്ചിരുന്നില്ല. പമ്പിലുണ്ടായിരുന്ന 5000 (ഏകദേശം 8.3 ലക്ഷം രൂപ) നഷ്ടപ്പെട്ടതാണ്‌ കവര്‍ച്ചാ സാധ്യതയെന്ന്‌ അന്വേഷണ സംഘം അനുമാനിച്ചത്‌. പെട്രോള്‍ പമ്പിന്റെ ഓഫീസ്‌ പൂര്‍ണമായും തകര്‍ത്തിരുന്നു. അന്വേഷണം ഊര്‍ജിതമാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഒമാനിലെ ഇന്ത്യന്‍ എംബസിയും ഇടപെട്ടെങ്കിലും ജോണിന്റെ സ്‌പോണ്‍സറുടെ ഭാഗത്തുനിന്നു കാര്യമായ സഹകരണം ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഭാര്യബിനുവും മക്കളായ റോണക്കും ആന്‍മേരിയും അവധിക്കാലം ചെലവഴിക്കാന്‍ ഒമാനില്‍ ജോണ്‍ ഫിലിപ്പിന്റെ അടുക്കല്‍ എത്തിയിരുന്നു. അവര്‍ നാട്ടിലേക്ക്‌ മടങ്ങി എത്തിയിട്ട്‌ ഏറെനാള്‍ ആകുംമുമ്പാണ്‌ ജോണിനെ കാണാതായെന്നും പിന്നീട്‌ മൃതദേഹം കണ്ടെത്തിയെന്നുമുള്ള ദുരന്തവാര്‍ത്ത എത്തുന്നത്‌.