Breaking News

Trending right now:
Description
 
Jun 16, 2016

ജിഷ വധം: കൊലയാളി പൊലീസ്‌ കസ്റ്റഡിയില്‍

image കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശിയായ യുവാവ്‌ പൊലീസ്‌ പിടിയില്‍. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ്‌ വിവരം. രണ്ടുദിവസം മുമ്പ്‌ തൃശൂര്‍-പാലക്കാട്‌ അതിര്‍ത്തിയില്‍നിന്നാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ജിഷയുടെ പഴയകാല സുഹൃത്താണ്‌ അസം സ്വദേശി. ആസാം സ്വദേശിയുടെ നാലു സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്‌. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ചു ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. കൂടുതല്‍ തെളിവുകള്‍ക്കും വ്യക്തതകള്‍ക്കും ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. തന്നെയുമല്ല, ഇപ്പോള്‍ മുംബൈയിലുള്ള ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ കേരളത്തില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ്‌ അന്വേഷണ സംഘം. ജിഷയുടെ വീടിനു സമീപത്തുനിന്നു പൊലീസ്‌ കണ്ടെടുത്ത നിര്‍ണായക തെളിവായ ചോരപുരണ്ട കറുത്ത ചെരുപ്പ്‌ ഇയാള്‍ക്ക്‌ പാകമായതാണ്‌ അന്വേഷണം ഇയാളിലേക്ക്‌ കേന്ദ്രീകരിക്കാന്‍ ഇടയാക്കിയത്‌. പ്രതിയെന്നു കരുതുന്ന അസം സ്വദേശി ഇതിനുമുമ്പും പെരുമ്പാവൂരില്‍ ജോലി ചെയ്‌തിട്ടുണ്ട്‌.

പൊലീസ്‌ കസ്റ്റഡിയിലുള്ള ആളാണ്‌ തന്റെ കടയില്‍നിന്നു ചെരുപ്പ്‌ വാങ്ങിയതെന്നു കടക്കാരനും പൊലീസിനു മൊഴി നല്‍കി. ശാസ്‌ത്രീയ തെളിവുകള്‍ക്കായി ഡിഎന്‍എ സാമ്പിളുകള്‍ ഇയാളില്‍നിന്നു ശേഖരിച്ചു പരിശോധനയ്‌ക്ക്‌ അയച്ചു. കൂടാതെ രക്തവും പരിശോധനയ്‌ക്ക്‌ അയച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ജിഷയുടെ ശരീരത്തില്‍ കൊലയാളി കടിച്ചതെന്നു കരുതുന്നിടത്തുനിന്നു ലഭിച്ച ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്‌ക്ക്‌ നേരത്തെ നല്‍കിയിട്ടുണ്ട്‌. ഇതും ഇപ്പോള്‍ കസ്‌റ്റഡിയിലുള്ള അസം സ്വദേശിയുടെ ഡിഎന്‍എ സാമ്പിളും യോജിച്ചാല്‍ കൊലയാളി ഇയാള്‍ തന്നെയെന്നു സ്ഥിരീകരിക്കാനാവും. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച്‌ പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ നടക്കുകയാണ്‌. പ്രധാന പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശിയുടെ ഡിഎന്‍എ സാമ്പിള്‍ കൂടാതെ കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്തുക്കളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്‌ക്കായി അയച്ചു. കേസില്‍ കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍വപഴുതുകളും അടച്ചുള്ള അന്വേഷണമാണ്‌ പൊലീസ്‌ നടത്തുന്നത്‌. ജിഷയുടെ മരണത്തില്‍ ഒന്നില്‍കൂടുതല്‍ ആളുകള്‍ക്കു പങ്കുള്ളാതായ പുതിയ വിവരവും പുറത്തുവന്നു. ഏപ്രില്‍ 28നാണ്‌ ജിഷ കൊല്ലപ്പെട്ടത്‌.