Breaking News

Trending right now:
Description
 
Jun 15, 2016

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരളാകോണ്‍ഗ്രസ്‌ (എം)

image ഇന്നലെ കോട്ടയത്തു നടന്ന കേരള കോണ്‍ഗ്രസ്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനം. ബാര്‍ കോഴ ആരോപണത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താതെ കെ.എം. മാണിയെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ്‌ കോണ്‍ഗ്രസിനെതിരെ കേരളാകോണ്‍ഗ്രസ്‌ നേതാക്കള്‍ ഉന്നയിച്ചത്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ അവസാനകാലത്തെ ചില വിവാദ തീരുമാനങ്ങളാണ്‌ കനത്ത തോല്‍വിക്കു കാരണമായത്‌. മെത്രാന്‍കായല്‍ വിവാദത്തില്‍ പ്രതിപക്ഷംപോലും പറായത്ത രീതിയില്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചതായും സ്‌റ്റിയറിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു. ഘടകകക്ഷികളെ തിരഞ്ഞെടുപ്പോടെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്‌. ആര്‍എസ്‌പി, ജനതാദള്‍-യു, സിഎംപി തുടങ്ങിയ കക്ഷികള്‍ക്ക്‌ തകര്‍ച്ചയുണ്ടാകാന്‍ കാരണവും ഇതാണ്‌. ബാര്‍കോഴ കേസില്‍ മാണിയെ മനപൂര്‍വം ഒറ്റപ്പെടുത്താനായിരുന്നു ശ്രമം. ബറാബാസിനെ രക്ഷിക്കു, യേശുവിനെ ക്രൂശിക്കു എന്ന യഹൂദന്മാരുടെ നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്‌. പി.ജെ.കുര്യന്റെ പക്വതയില്ലാത്ത പ്രസ്‌താവനകളാണ്‌ തിരുവല്ലയിലെ സ്ഥാനാര്‍ഥി ജോസഫ്‌ എം പുതുശേരിയുടെ തോല്‍വിക്കു കാരണമായതെന്നും യോഗം വിലയിരുത്തി. ഇടുക്കിയില്‍ കര്‍ഷകരുടെ പിന്തുണ പാര്‍ട്ടിയെ സഹായിച്ചുവെന്നും സ്റ്റിയറിങ്‌ കമ്മിറ്റി വിലയിരുത്തി. അരുവിക്കര തിരഞ്ഞെടുപ്പുവരെ യുഡിഎഫ്‌ വളരെ ഒത്തൊരുമയോടെയാണു പോയത്‌. എന്നാല്‍, പിന്നീട്‌ അതുണ്ടായില്ലെന്നും യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി എംഎല്‍എ യോഗം ഉദ്‌ഘാടനം ചെയ്‌തു.