Breaking News

Trending right now:
Description
 
Jun 15, 2016

ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടുപോകല്‍: ആറു പേര്‍ പൊലീസ്‌ കസ്റ്റഡിയില്‍

image ഒമാനില്‍ പെട്രോള്‍ പമ്പിലെ മലയാളിയായ ജീവനക്കാരനെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു ബംഗാളികള്‍ ഉള്‍പ്പെടെ ആറുപേരെ ഒമാന്‍ റോയല്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. നാലുപേര്‍ ഒമാന്‍സ്വദേശികളാണ്‌. ഇവരെ ചോദ്യം ചെയ്‌തുവരുന്നു. കോട്ടയം മണര്‍കാട്‌ സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്‌. പന്ത്രണ്ടു വര്‍ഷമായി ഇബ്രി-ബുറൈമി റോഡില്‍ സുനെയ്‌നയിലെ അല്‍ മഹാ പെട്രോള്‍ പമ്പില്‍ മാനേജരായി ജോലിചെയ്‌തു വരുകയായിരുന്നു. സംഭവദിവസം ജോണ്‍ മാത്രമേ പമ്പില്‍ ഉണ്ടായിരുന്നുള്ളൂ. കലക്ഷന്‍ പണവും നഷ്ടമായിട്ടുണ്ട്‌. ജോണിന്റെ സ്‌പോണ്‍സറെയും ചോദ്യംചെയ്യാന്‍ പൊലീസ്‌ വിളിപ്പിച്ചു. ഇദ്ദേഹത്തിന്റെ മൊഴിയിലും സംശയമുണ്ട്‌. പമ്പിലെ സിസിടിവി കാമറയും യൂണിറ്റും അക്രമികള്‍ നശിപ്പിച്ചിരുന്നു. അതേസമയം, ജോണിനെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ടു ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി നല്‍കി. ഇന്ത്യന്‍ എംബസി ഒമാന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടതായുള്ള അറിയിപ്പും ബന്ധുക്കള്‍ക്കു ലഭിച്ചു. ജോണ്‍ ഫിലിപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്‌ വിദേശമന്ത്രാലയം കാര്യക്ഷമമായി ഇടപെട്ടതായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നു ജോസ്‌ കെ. മാണി എംപി ബന്ധുക്കളെ അറിയിച്ചു.