Breaking News

Trending right now:
Description
 
Jun 14, 2016

ഒമാനില്‍ കോട്ടയം സ്വദേശിയെ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി

image ഒമാനിലെ പെട്രോള്‍ പമ്പില്‍ ജോലിചെയ്യുന്നതിനിടെ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ മാനേജര്‍ക്കായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കോട്ടയം മണര്‍കാട്‌ ചെറുവിലാകത്ത്‌ ജോണ്‍ ഫിലിപ്പിനെയാണ്‌ (46) തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നത്‌. ഒമാനിലെ സുനീന പ്രദേശത്തു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലെ മാനേജരാണ്‌ ജോണ്‍ ഫിലിപ്പ്‌. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ ജോണിനെ കാണാതായത്‌. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മറ്റാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ഓഫിസ്‌ തകര്‍ത്ത നിലയിലായിരുന്നു. പെട്രോള്‍ പമ്പില്‍നിന്നും സമീപത്തെ കടയില്‍നിന്നുമായി 5000 റിയാലും (ഏകദേശം 8.3 ലക്ഷംരൂപ) നഷ്ടപ്പെട്ടു. ശനിയാഴ്‌ച രാവിലെ ജോലിക്കെത്തിയ കൊല്ലം സ്വദേശിയായ സുഹൃത്ത്‌ ബാബു ഓഫീസ്‌ തുറന്നുകിടക്കുന്നതു കണ്ടു മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തറയില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതായും വിവരമുണ്ട്‌. ജോണിന്റെ കാര്‍, ലേബര്‍കാര്‍ഡ്‌, മൊബൈല്‍ഫോണ്‍ എന്നിവ പമ്പില്‍തന്നെയണ്ടായിരുന്നു. പുറത്തേക്കു വിളിക്കാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. വെള്ളിയാഴ്‌ച രാത്രി ഒമ്പതുമണിയോടെ ജോണ്‍ നാട്ടിലുള്ള ഭാര്യ ബിനുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശനിയാഴ്‌ച വിളിച്ചപ്പോള്‍ ബല്ലടിച്ചതല്ലാതെ മറുപടിയുണ്ടായില്ല. പിന്നീട്‌ ടൈംസ്‌ ഓഫ്‌ ഒമാനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്ന്‌ ഒമാനിലെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ അന്വേഷണത്തിലാണ്‌ ജോണിനെ കാണാനില്ലെന്നുള്ള വിവരം പുറത്തറിഞ്ഞത്‌.

പെട്രോള്‍ പമ്പിലെ സിസി ടിവിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്‌ നഷ്ടപ്പെട്ടതിനാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന്‌ ലഭിച്ചിട്ടില്ല. പെട്രോള്‍ പമ്പിലെ പണം എണ്ണി തിട്ടപ്പെടുത്തി ബാങ്കില്‍ അടയ്‌ക്കേണ്ട ചുമതല ഡ്യൂട്ടിയിലുണ്ടായിരുന്ന ജോണ്‍ ഫിലിപ്പിനായിരുന്നു. വിവരങ്ങള്‍ ശേഖരിക്കാനും മറ്റുമായി ബാബുവിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. വെള്ളിയാഴ്‌ച രാത്രി ഏതാനും പേര്‍ ചേര്‍ന്നു ജോണ്‍ ഫിലിപ്പിനെ ആക്രമിച്ചതായി ഒരു ഹിന്ദിക്കാരന്‍ മൊഴി നല്‍കിയിരുന്നു. ജോണ്‍ ഫിലിപ്പ്‌ അവരോട്‌ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വലിച്ചിഴച്ച്‌ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ്‌ വിവരം. പെട്രോള്‍ പമ്പില്‍ ജോണിനെയും ബാബുവിനെയും കൂടാതെ ഒമാന്‍ സ്വദേശിയും ജോലി ചെയ്‌തിരുന്നു. ജോണ്‍ ഫിലിപ്പിന്റെ ഭാര്യയും രണ്ടുമക്കളും കഴിഞ്ഞ വേനല്‍ അവധിക്ക്‌ ഒമാനിലുണ്ടായിരുന്നു. പമ്പിനു സമീപം തന്നെയായിരുന്നു ജോണ്‍ താമസിച്ചിരുന്നത്‌. 13 വര്‍ഷമായി പെട്രോള്‍ പമ്പിലെ മാനാജരായി ജോലി ചെയ്‌തുവരുകയായിരുന്നു. ജോണ്‍ ഫിലിപ്പിനെ കാണാതായത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വീട്ടുകാര്‍ പാതി നല്‍കിയിട്ടുണ്ട്‌.