Breaking News

Trending right now:
Description
 
Jun 13, 2016

കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അഴിച്ചുപണിക്ക്‌ രാഹുല്‍

image കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അഴിച്ചുപണിക്കു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തയാറെടുക്കുന്നു. ഇതിനു മുന്നോടിയായി പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള അമ്പതോളം നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്തും. ഈമാസം അവസാനത്തോടെയോ അടുത്തമാസമോ ഇതുസംബന്ധിച്ച്‌ ചര്‍ച്ചയുണ്ടാകും. കഴിഞ്ഞദിവസം കേരളത്തിലെ നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, വി.എം.സുധീരന്‍, എ.കെ.ആന്റണി എന്നിവരെ ഡല്‍ഹിയിലേക്ക്‌ വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ്‌ ചര്‍ച്ച നടത്തിയിരുന്നു. ഗ്രൂപ്പ്‌ അതിപ്രസരം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ നടപടിയുമായി രാഹുല്‍ മുന്നോട്ടു നീങ്ങുന്നത്‌. യുവാക്കള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കി സംഘടനയെ ശക്തിപ്പെടുത്തണമെന്നാണു രാഹുലിന്റെ നിര്‍ദേശം. സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ്‌ നേതാക്കളെ ഹൈക്കമാന്‍ഡ്‌ ഡല്‍ഹിക്ക്‌ വിളിപ്പിച്ചത്‌. ഉന്നത നേതാക്കള്‍ തമ്മില്‍ത്തന്നെ ഭിന്നതകളുള്ള സാഹചര്യമാണുള്ളതെന്നു നേതൃത്വം വിലയിരുത്തി. കേരളത്തിലെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ 50 നേതാക്കളെ ഡല്‍ഹിക്കു വിളിപ്പിച്ചു ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ്‌ പച്ചക്കൊടി കാട്ടിയിരുന്നു. ആദ്യം 100 നേതാക്കളെ വിളിക്കാനുള്ള നിര്‍ദേശമാണു രാഹുല്‍ഗാന്ധി യോഗത്തില്‍ വച്ചതെങ്കിലും അതു പകുതിയായി ചുരുക്കുകയായിരുന്നു. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, സഹസംഘടന ഭാരവാഹികള്‍ എന്നിവരില്‍നിന്നാണ്‌ തിരഞ്ഞെടുക്കപ്പെട്ട 50 പേരെയാവും വിളിച്ചുവരുത്തുക. സംഘടനയില്‍ എന്തുമാറ്റം വേണം എന്നു തുടര്‍ന്നു ആലോചിക്കാമെന്നാണ്‌ രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്‌. തിരഞ്ഞെടുപ്പു തോല്‍വിക്കു വഴിവച്ച കാരണങ്ങളാണ്‌ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയില്‍ രാഹുല്‍ പ്രധാനമായും ആരാഞ്ഞത്‌. ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്ക്‌ വരേണ്ടതിന്റെ ആവശ്യകതയ്‌ക്കാണ്‌ രാഹുല്‍ ഊന്നല്‍ നല്‍കിയത്‌.