Breaking News

Trending right now:
Description
 
Jun 12, 2016

മന്ത്രിമാര്‍ക്ക്‌ സിപിഎം പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി

image നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ പ്രഖ്യാപിക്കരുതെന്ന്‌ മന്ത്രിമാര്‍ക്ക്‌ സിപിഎമ്മിന്റെ മുന്നറിയിപ്പ്‌. പുതിയ മന്ത്രിസഭയ്‌ക്കള്ള പെരുമാറ്റച്ചട്ടത്തിലാണ്‌ സംസ്ഥാന സമിതി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. പരസ്യപ്രസ്‌താവനകളില്‍ സൂക്ഷ്‌മത പുലര്‍ത്തണം. പ്രവര്‍ത്തനം കുറ്റമറ്റതാക്കുകയും വേണമെന്ന്‌ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മന്ത്രിസഭ അധികാരമേറ്റ ഉടന്‍തന്നെ മന്ത്രിമാരുടെ ചില പ്രസ്‌താവനകള്‍ വിവാദത്തിനു വഴിയയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ പാര്‍ട്ടി ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്‌. ബോക്‌സിംഗ്‌ ഇതിഹാസം മുഹമ്മദ്‌ അലിയുടെ മരണത്തെത്തുടര്‍ന്നു കായികമന്ത്രി ചാനലില്‍ നല്‍കിയ അനുശോചനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. പൊതുവേദികളിലെ പ്രസ്‌താവനകളില്‍ മന്ത്രിമാര്‍ തികഞ്ഞ ജാഗ്രത പാലിക്കണം. അനവസരത്തിലുള്ള മന്ത്രിമാരുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റി. ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണെന്ന്‌ സംസ്ഥാന സമിതി മുന്നറിയിപ്പുനല്‍കി. മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോള്‍ സൂക്ഷ്‌മത പാലിക്കണം. കാര്യങ്ങള്‍ പഠിക്കാതെ പ്രസ്‌താവന നടത്തരുത്‌. ആഴ്‌ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ നിര്‍ബന്ധമായും തലസ്ഥാനത്ത്‌ ഉണ്ടായിരിക്കണം. ഓഫിസില്‍ എത്തുന്നവരോട്‌ മാന്യമായി പെരുമാറണം. എല്‍ഡിഎഫ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എംഎല്‍എമാരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേക മാര്‍ഗരേഖ തയാറാക്കാനും ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. എംഎല്‍എമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടണം. ജൈവപച്ചക്കറി കൃഷി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി എംഎല്‍എമാര്‍ സജീവമായി ഇടപെടുന്ന തരത്തില്‍ മാര്‍ഗരേഖ തയാറാക്കും. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന വലുതും ചെറുതുമായ വികസന പദ്ധതികള്‍ക്കു പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അനുമതി വാങ്ങണമെന്നും യോഗം തീരുമാനിച്ചു.