Breaking News

Trending right now:
Description
 
Jun 12, 2016

ജിഷ കൊലക്കേസ്‌: പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ മര്‍ദ്ദിച്ചുവെന്ന്‌ യുവാവ്‌

image പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്നു കണ്ട്‌ ഇടുക്കി വെണ്‍മണിയില്‍നിന്നു കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചു. തന്നെ പൊലീസ്‌ അകാരണമായി മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ച്‌ മൂവാറ്റുപുഴ സ്വദേശിയായ മണികണ്‌ഠനാണ്‌ രംഗത്തുവന്നത്‌. ആശുപത്രിയില്‍ ചികിത്സയിലാണ്‌ മണികണ്‌ഠന്‍.പ്രദേശത്തെ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു മണികണ്‌ഠന്‍. ബുധനാഴ്‌ച രാത്രി വെണ്‍മണിയിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ടാണ്‌ മണികണ്‌ഠനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ജിഷ കൊലക്കേസ്‌ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്നു തിരിച്ചറിഞ്ഞ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചു മര്‍ദ്ദിച്ചു. പിന്നീട്‌ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയെന്നു മണികണ്‌ഠന്‍ പറയുന്നു. മര്‍ദ്ദനത്താല്‍ വലതുകൈ ഒടിഞ്ഞുവെന്നും നടുവിനു പരുക്കേറ്റെന്നുമാണ്‌ പരാതി. ചോദ്യം ചെയ്യലില്‍ നിരപരാധിയാണെന്നു തിരിച്ചറിഞ്ഞു പറഞ്ഞുവിട്ടതായി പൊലീസ്‌ വെളിപ്പെടുത്തി. മണികണ്‌ഠനെ മര്‍ദ്ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും പൊലീസ്‌ വ്യക്തമാക്കി. ഇയാളുടെ ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നീക്കമുണ്ട്‌. അതേസമയം, കേസുമായി ബന്ധപ്പെട്ട്‌ നിരീക്ഷണ ക്യാമറയില്‍നിന്നു പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കൊലയാളിയെന്നു സംശയിക്കുന്ന ആളെ തിരിച്ചറിയാന്‍ പൊലീസിനു കഴിഞ്ഞില്ല. കാമറയില്‍ പതിഞ്ഞ യുവതി ജിഷതന്നെയാണെന്നു വസ്‌ത്രങ്ങള്‍ തിരിച്ചറിഞ്ഞ സമീപവാസി പൊലീസിനെ അറിയിച്ചു. കൊലപാതകം നടന്ന ഏപ്രില്‍ 26ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിനുശേഷം പെരുമ്പാവൂര്‍ ഭാഗത്തുനിന്നാണ്‌ ജിഷ വട്ടോളിപ്പടിയില്‍ ബസ്‌ ഇറങ്ങിയതെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. റോഡ്‌ മുറിച്ചുകടക്കുന്ന ജിഷയെ പിന്തുടരുന്ന മഞ്ഞഷര്‍ട്ടുകാരന്‍ കൊലയാളിയാണെന്നാണ്‌ പൊലീസിന്റെ നിഗമനം. ജിഷ രണ്ടുവര്‍ഷം മുമ്പ്‌ ജോലി ചെയ്‌ത സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.