Breaking News

Trending right now:
Description
 
Jun 12, 2016

കോട്ടയത്ത്‌ മാള്‍ ഓഫ്‌ ജോയ്‌ പ്രവര്‍ത്തനം ആരംഭിച്ചു

image കോട്ടയത്ത്‌ ജോയ്‌ ആലുക്കാസിന്റെ മാള്‍ ഓഫ്‌ ജോയ്‌ പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിലെ ബേക്കര്‍ ജംക്ഷനില്‍ ലോകോത്തര നിലവാരമുള്ള ഷോപ്പിങ്‌ മാളിന്റെ ഉദ്‌ഘാടനം മേരി ആന്റണിയും എല്‍സ ജോയിയും ചേര്‍ന്നു നിര്‍വഹിച്ചു. ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ജോയ്‌ ആലുക്കാസ്‌, കോട്ടയം നഗരസഭാധ്യക്ഷ ഡോ.പി.ആര്‍.സോന, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സുരേഷ്‌ കുറുപ്പ്‌ എന്നിവര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. അഞ്ചുനിലകളിലായി രണ്ടുലക്ഷം ചതുരശ്ര അടിയില്‍ വിശാലമായി പരന്നുകിടക്കുന്ന പ്രീമിയം റീട്ടെയില്‍ ഷോപ്പിങ്‌ വിഭാഗം ഉള്‍പ്പെടെയാണ്‌ മാളില്‍ ഒരുക്കിയിരിക്കുന്നത്‌. ഷോപ്പിങ്‌ സൗകര്യം ഒരുക്കുന്നതിന്‌ മൂന്നു നിലകളിലായി കാര്‍ പാര്‍ക്കിങ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ഉദ്‌ഘാടനദിവസം ജനത്തിരക്കു കാരണം മാളിന്റെ ആദ്യനിലയില്‍ കയറിയശേഷം തിരികെ മടങ്ങേണ്ട സാഹചര്യമാണ്‌ പലര്‍ക്കുമുണ്ടായത്‌. തിരക്കു നിയന്ത്രിക്കാന്‍ പൊലീസും സംഘാടകരും പാടുപെട്ടു. ആദ്യ നിലയിലെ കുട്ടികളുടെ ഷോപ്പിംഗ്‌ സെന്ററുകളിലും മിനി അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലും കുട്ടികളുടെ വന്‍തിരക്കായിരുന്നു. മാളിനുള്ളിലെ റെസ്റ്ററന്റിലും രാവിലെ മുതല്‍ രാത്രിവരെ ഇടതടവില്ലാത്ത തിരക്കനുഭവപ്പെട്ടു. ജോയ്‌ ആലുക്കാസ്‌ ജ്വല്ലറിക്കും ജോളി സില്‍ക്‌സിനും പുറമെ ഇന്ത്യന്‍ ലിനന്‍, ഇംഇ കോസ്‌മറ്റിക്‌സ്‌, മിഷേല്‍, ജോയ്‌മാര്‍ട്ട്‌ സൂപ്പര്‍ ബസാര്‍, പെപ്പെ ജീന്‍സ്‌, സോണിയ ഡിസൈനര്‍ ബ്യൂട്ടിക്‌, പ്യൂമ, ജോക്കി, ബേക്കര്‍ കഫേ, ആല്‍ഫ ഒപ്‌റ്റിക്കല്‍സ്‌, ഡിസി ബുക്‌സ്‌ തുടങ്ങി അന്‍പതോളം വിവിധ ഷോപ്പുകള്‍ മാളിലുണ്ട്‌. വാച്ച്‌, ഷൂ, കംപ്യൂട്ടര്‍ എന്നിവയ്‌ക്കും ഷോറൂമുകളുണ്ട്‌. മാള്‍ ഓഫ്‌ ജോയിലേക്ക്‌ ആളുകള്‍ ഒഴുകിയെത്തിയതോടെ ഇന്നലെ കോട്ടയം നഗരം കനത്ത ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.