Breaking News

Trending right now:
Description
 
Jun 11, 2016

അഞ്‌ജുവിനെ മറയാക്കി അഴിമതിക്കു നീക്കമെന്നു മന്ത്രി ജയരാജന്‍

image സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ അഞ്‌ജു ബോബി ജോര്‍ജിനെ മറയാക്കി കൗണ്‍സിലില്‍ അഴിമതിക്ക്‌ നീക്കമാണ്‌ നടക്കുന്നതെന്നു കായികമന്ത്രി ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി. അഞ്‌ജുവിനോട്‌ പരുഷമായി സംസാരിച്ചുവെന്ന വിവാദത്തില്‍ മാധ്യമങ്ങളോട്‌ വിശദീകരണം പറയുന്നതിനിടെയാണ്‌ പുതിയ ആരോപണം അദ്ദേഹം ഉന്നയിച്ചത്‌. സര്‍ക്കാര്‍ മാറിയാല്‍ കായികനയവും മാറുമെന്ന്‌ കാര്യം വൈസ്‌ പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടിയോട്‌ പറഞ്ഞിരുന്നു. അഞ്‌ജുവിന്റെ വിമാനടിക്കറ്റിന്റെ കാര്യം പൊതു ഉദാഹരണമായി പറഞ്ഞതാണ്‌. സിപിഎം നേതാവ്‌ ടി.പി.ദാസിനെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ആക്കുമോ എന്ന ചോദ്യത്തിനു പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച്‌ ഊഹാപോഹം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടുദിവസമായി മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നു അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ജൂണ്‍ ഏഴിന്‌ അഞ്‌ജു ബോബി ജോര്‍ജും വൈസ്‌ പ്രസിഡന്റ്‌ ടി.കെ.ഇബ്രാഹിംകുട്ടിയും ഓഫിസില്‍ വന്നപ്പോള്‍ നല്ല സൗഹൃദത്തിലാണ്‌ സംസാരിച്ചത്‌. വൈസ്‌പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റിനു വിമാനക്കൂലി അനുവദിക്കാന്‍ എടുത്ത തീരുമാനം അഞ്‌ജുവിനു ചീത്തപ്പേരുണ്ടാക്കുമെന്ന്‌ അവരോടും പറഞ്ഞു. ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്‌. ചിലര്‍ക്കു രണ്ടുമാസത്തേക്കു വിദേശയാത്ര അനുവദിച്ചത്‌ അടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നുണ്ട്‌. സര്‍ക്കാര്‍ ഒരു തരത്തിലുള്ള അഴിമതിയും അനുവദിക്കില്ലെന്നു അവരോട്‌ പൊതുവായി പറഞ്ഞു സൗഹൃദത്തോടെയാണ്‌ പിരിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.