Breaking News

Trending right now:
Description
 
Jun 11, 2016

സര്‍ക്കാര്‍ കളമൊരുക്കി; അഞ്‌ജു ബോബി ജോര്‍ജ്ജിനെ തത്സ്‌ഥാനത്തുനിന്നു മാറ്റിയേക്കും

image സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പുനസംഘടിപ്പിക്കുന്നതിന്‌ നിയമഭേദഗതികൊണ്ടുവന്ന്‌ നിലവിലുള്ള ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. അഞ്‌ജു ബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നു മാറ്റുകയാണ്‌ ലക്ഷ്യം. നിലവിലെ സ്‌പോര്‍ട്‌സ്‌ നയത്തില്‍ ഭേദഗതി വരുത്തിയാണ്‌ മാറ്റാന്‍ നീക്കം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. അഞ്‌ജു ബോബി ജോര്‍ജ്ജിനെ തത്സ്‌ഥാനത്തുനിന്നു മാറ്റുന്നതിനൊപ്പം മുന്‍ പ്രസിഡന്റ്‌ ടി.പി.ദാസിനെ ആ സ്ഥാനത്ത്‌ നിയമിക്കാനാണ്‌ നീക്കം. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്‌ ദാസന്‍ വെള്ളിയാഴ്‌ച വൈകിട്ട്‌ അടിയന്തരമായി എത്തി കായിക മന്ത്രി ഇ.പി.ജയരാജനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ മാസം 22ന്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ യോഗം ചേരാനിരിക്കെയാണ്‌ പുതിയ നീക്കങ്ങള്‍. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാര്‍ അഞ്‌ജു ബോബി ജോര്‍ജ്ജിനെ അഞ്ചു വര്‍ഷത്തേയ്‌ക്കാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ നിയമിച്ചത്‌. നാമനിര്‍ദേശത്തിലൂടെയാണ്‌ അഞ്‌ജു ബോബി ജോര്‍ജ്ജ്‌ പ്രസിഡന്റായ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‌ ഭരണസമിതിയെ നിശ്ചയിച്ചത്‌. തിരഞ്ഞെടുപ്പിലൂടെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗങ്ങളെ നിശ്ചയിക്കുന്നതിന്‌ നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. സര്‍ക്കാര്‍ പുകച്ചുചാടിക്കാന്‍ ശ്രമം ആരംഭിച്ച സാഹചര്യത്തില്‍ 22ന്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ യോഗം നടക്കും മുമ്പ്‌ അഞ്‌ജു ബോബി ജോര്‍ജ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചേക്കുമെന്നാണ്‌ സൂചന.