Jun 10, 2016
കോണ്‍ഗ്രസില്‍ തര്‍ക്കം: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹിക്കുവിളിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും അതിന്റെ പേരിലുള്ള തര്‍ക്കവും
അസ്വാരസ്യങ്ങളും തലപൊക്കിയത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്
തലവേദന സൃഷ്ടിച്ചു. പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ മുന്‍മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ്
വി.എം.സുധീരന് എന്നിവരോട് ശനിയാഴ്ച ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ്
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുകയാണ്. ചര്‍ച്ച നടത്തി
പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം. ഏ.കെ.ആന്റണിയും ചര്‍ച്ചയില്‍
പങ്കെടുക്കും. സുധീരന് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിയെ കണ്ട് മടങ്ങിയതിനു
തൊട്ടുപിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ വിളി വന്നത്. സര്‍ക്കാരും
പാര്‍ട്ടിയും തമ്മിലുള്ള ബന്ധം പൊളിച്ചു കോണ്‍ഗ്രസിനെയും യുഡിഎഫിനെയും
ട്രാക്ക് തെറ്റിച്ചതു സുധീരന്റെ ആരോപണങ്ങളാണെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ
ആരോപണം. സംഘടന നിര്വീര്യമായതില് സുധീരന് പങ്കുണ്ടെന്നും ഇവര്‍
ആരോപിച്ചിരുന്നു. കെപിസിസിയുടെ ദ്വിദിന ക്യാംപില്‍ സുധീരനെതിരെ
ഇരുഗ്രൂപ്പുകളും തിരിഞ്ഞതും ഹൈക്കമാന്‍ഡ് ഗൗരവമായിട്ടാണ് കാണുന്നത്.