Breaking News

Trending right now:
Description
 
Jun 10, 2016

മുന്‍മന്ത്രി ടി.എസ്‌.ജോണ്‍ അന്തരിച്ചു

image മുന്‍ സ്‌പീക്കറും മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ടി.എസ്‌. ജോണ്‍ (77) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്നു. കൊച്ചി പനമ്പള്ളിയിലെ വീട്ടില്‍വച്ച്‌ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മൂന്നിന്‌ കല്ലൂപ്പാറ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കൂടിയായിരുന്ന അദ്ദേഹം 1976-ല്‍ നിയമസഭാ സ്‌പീക്കറായി. കേരള കോണ്‍ഗ്രസിന്റെ 1979-ലെ പിളര്‍പ്പില്‍ പി.ജെ. ജോസഫിനൊപ്പം ചേര്‍ന്നെങ്കിലും 2003-ല്‍ കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ രൂപീകരിച്ചപ്പോള്‍ പി.സി. ജോര്‍ജ്‌ വിഭാഗത്തിലേക്കു മാറി. സെക്കുലര്‍ വിഭാഗത്തിന്റെ ചെയര്‍മാനായിരുന്നു. പിന്നീട്‌ കേരള കോണ്‍ഗ്രസ്‌ എമ്മിലെത്തിയ ടി.എസ്‌. ജോണ്‍ പി.സി. ജോര്‍ജിനൊപ്പം പാര്‍ട്ടി വിട്ടെങ്കിലും അഭിപ്രായഭിന്നതയെത്തുടര്‍ന്ന്‌ പി.സി. ജോര്‍ജിനെ പുറത്താക്കി കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ വിഭാഗം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി.എസ്‌.ജോണ്‍ പ്രചാരണ രംഗത്തുണ്ടായിരുന്നു. അവസാനദിവസങ്ങളില്‍ ഭിന്നതകള്‍ വെടിഞ്ഞ്‌ കേരള കോണ്‍ഗ്രസില്‍ (എം) ലയിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളിലായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതാക്കളെ അദ്ദേഹം കൊച്ചിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി ഇക്കാര്യം സംസാരിച്ചിരുന്നു. കല്ലൂപ്പാറ തെക്കേമുറിയില്‍ കുടുംബാംഗമായ ടി.എസ്‌.ജോണ്‍ 1939-ല്‍ കവിയൂരിലാണ്‌ ജനിച്ചത്‌. ചങ്ങനാശേരി എസ്‌ബി കോളജില്‍ പഠിച്ചിരുന്നപ്പോഴാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്‌. ഭാര്യ: പരേതയായ ഏലിയാമ്മ. മകന്‍: ജോസുകുട്ടി. 77, 82, 1996 വര്‍ഷങ്ങളില്‍ കല്ലൂപ്പാറ നിയോജകമണ്ഡലത്തില്‍നിന്ന്‌ എംഎല്‍എയായി. എ.കെ.ആന്റണിയുടെയും പി.കെ. വാസുദേവന്‍ നായരുടെയും മന്ത്രിസഭകളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ മന്ത്രിയായിരുന്ന അദ്ദേഹം 36-ാം വയസിലാണ്‌ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്‌.