Breaking News

Trending right now:
Description
 
Jun 10, 2016

വിവാദമുണ്ടാക്കിയ മന്ത്രി ജയരാജനു പിന്തുണയുമായി മുഖ്യമന്ത്രി

image കായികമന്ത്രി ഇ.പി. ജയരാജനും കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ഒളിംപ്യന്‍ അഞ്‌ജു ബോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം വിവാദത്തിനു തിരികൊളുത്തിയതോടെ മന്ത്രിക്കു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്‌ എത്തി. അഞ്‌ജു ബോബി ജോര്‍ജിനോട്‌ ജയരാജന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കായികമന്ത്രി എന്ന നിലയില്‍ അഞ്‌ജുവിന്റെ വിമാനയാത്രാ ചെലവിനെപ്പറ്റി ചോദിച്ചു. അത്‌ എങ്ങനെയാണ്‌ അപമര്യാദയാകുന്നത്‌- മുഖ്യമന്ത്രി ചോദിച്ചു. അതേസമയം, അഞ്‌ജു ബോബി ജോര്‍ജിനോട്‌ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കാര്യങ്ങള്‍ അന്വേഷിക്കുകമാത്രമാണ്‌ ചെയ്‌തതെന്നാണ്‌ കായികമന്ത്രിയുടെ നിലപാട്‌. കഴിഞ്ഞ ദിവസം കായികമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തന്നോടു മോശമായ രീതിയിലാണ്‌ അദ്ദേഹം സംസാരിച്ചതെന്ന്‌ അഞ്‌ജു ആരോപിച്ചിരുന്നു. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭാരവാഹികളെല്ലാം അഴിമതിക്കാരാണെന്ന ആരോപണമാണു കൂടിക്കാഴ്‌ചയില്‍ മന്ത്രി ജയരാജന്‍ ഉന്നയിച്ചതെന്ന്‌ അഞ്‌ജു പറഞ്ഞിരുന്നു. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും നാമനിര്‍ദേശം ചെയ്യപ്പെട്ടവരാണെന്നും അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരും ആണെന്നും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ മന്ത്രി നടത്തി. കായികമന്ത്രി ഭീഷണിപ്പെടുത്തിയെന്നും അഞ്‌ജു ആരോപിച്ചു. ഇപ്പോഴത്തെ കായികമന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായിക രംഗം മെച്ചപ്പെടില്ലെന്നും അഞ്‌ജു കുറ്റപ്പെടുത്തി. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഞാന്‍ ഒരിക്കലും ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും ഒളിംപ്യന്‍ അഞ്‌ജു മാധ്യമങ്ങളോട്‌ പറഞ്ഞു. ഏതായാലും തലകുനിച്ചു പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. കായികമന്ത്രിയുടെ നിലപാടിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‌കിയതായും അഞ്‌ജു വ്യക്തമാക്കി.