Breaking News

Trending right now:
Description
 
Jun 08, 2016

കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം

image കോട്ടയം: മണ്ണില്‍ പണിയെടുക്കുകയും മരങ്ങള്‍ വെച്ചുപിടിപ്പിച്ച്‌ സംരക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകനേയും കാര്‍ഷികമേഖലയേയും വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കാനാവില്ലെന്നും കാര്‍ഷികമേഖലയെയും നാടിന്റെ വികസനത്തെയും പ്രോത്സാഹിപ്പിച്ചുള്ള പരിസ്ഥിതിസംരക്ഷണമാണ്‌ വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
പരിസ്ഥിതി മൗലികവാദികള്‍ പരിസ്ഥിതി സംരക്ഷണത്തിന്‌ യാതൊരു ക്രിയാത്മക സംഭാവനയും ചെയ്യുന്നില്ല. വിവിധ വിദേശസാമ്പത്തിക ഏജന്‍സികളുടെ സഹായത്തോടെ പഞ്ചനക്ഷത്രഹോട്ടലുകളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചും ചാനല്‍ ചര്‍ച്ചകളില്‍ ഗീര്‍വാണം മുഴക്കിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന കപടപരിസ്ഥിതിവാദികളുടെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയണം. കേരളത്തിലെ പല പരിസ്ഥിതി സംഘടനകളും ഒറ്റയാള്‍ കടലാസ്‌ പ്രസ്ഥാനങ്ങളാണ്‌. ഇക്കൂട്ടരുടെ രാഷ്‌ട്രീയ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര സാമ്പത്തിക ഏജന്‍സികളില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ പരിസ്ഥിതിസംരക്ഷണത്തിനായി ലഭിക്കുന്ന കാര്‍ബണ്‍ ഫണ്ട്‌ പരിസ്ഥിതി മൗലികവാദികള്‍ക്കല്ല, വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച്‌ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കാണ്‌ അവകാശപ്പെട്ടത്‌. റബര്‍ ഉള്‍പ്പെടെ വിവിധ കാര്‍ഷികമേഖലകള്‍ വന്‍ തകര്‍ച്ച നേരിടുമ്പോള്‍ ഇത്തരം സാമ്പത്തിക സഹായങ്ങള്‍ കര്‍ഷകരിലെത്തിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.