Breaking News

Trending right now:
Description
 
Jun 04, 2016

ഭക്ഷണശാലകളിലെ പരിശോധനാ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ ഭക്ഷണശാലകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തുന്ന പരിശോധനയ്ക്കു ശേഷമെടുക്കുന്ന നടപടികള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അന്നന്നു തന്നെ പ്രസിദ്ധീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തി നിയമങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്കുകയും പിഴ ഈടാക്കുകയും കൂടാതെ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കുകയും ചെയ്യാറുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്ക്കുന്നതും ആവര്‍ത്തിച്ച് എണ്ണ ഉപയോഗിക്കുന്നതുമാണ് സ്ഥിരം കുറ്റങ്ങള്‍. എന്നാല്‍ സാധാരണ ഗതിയില്‍ കുറ്റവാളികളുടെയോ കടകളുടെയോ പേരുവിവരങ്ങള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല. അതിനാല്‍ നടപടിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും തെറ്റിദ്ധാരണ പരക്കുന്നതു പതിവാണ്. അത്യന്തം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ അനുമതിയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന വഴിയോര ഭക്ഷണക്കടകള്‍ പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. മലിനജലമാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. തുടര്‍ച്ചയായ പരിശോധനകളും നിലവാരം ഉറപ്പിക്കലും ആവശ്യമാണ്.



വൃത്തിഹീനവും നിലവാരം കുറഞ്ഞതും പഴകിയതും ചീഞ്ഞതുമായ ഭക്ഷണസാധനങ്ങള്‍ വില്ക്കുന്ന കടകളെക്കുറിച്ച് വ്യക്തമായി തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ഔദ്യോഗികമായി മുനിസിപ്പല്‍ കൗണ്‍സില്‍ അതു വെളിപ്പെടുത്തണം. മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. വിവരാവകാശ നിയമം അനുസരിച്ച് ആവശ്യപ്പെട്ടാല്‍ മുനിസിപ്പാലിറ്റിക്കു വിവരങ്ങള്‍ വ്യക്തമാക്കി മറുപടി നല്‌കേണ്ടതുണ്ട്. പൊതുക്കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ നല്കിക്കൊണ്ടിരുന്നാല്‍ അത്തരം ജോലിത്തിരക്ക് ഒഴിവാക്കുകയും ചെയ്യാം