Breaking News

Trending right now:
Description
 
Jun 02, 2016

മാര്‍ ജേക്കബ്‌ മുരിക്കന്റെ വൃക്ക സൂരജില്‍ ജീവന്റെ സ്‌പന്ദനമായി

image പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ സ്വന്തം ശരീരത്തില്‍നിന്നു പകുത്തി നല്‍കിയ വൃക്ക സൂരജില്‍ ജീവന്റെ സ്‌പന്ദനമായി. മാര്‍ ജേക്കബ്‌ മുരിക്കന്‍ ദാനം ചെയ്‌ത വൃക്ക മലപ്പുറം കോട്ടയ്‌ക്കല്‍ ഈശ്വരമംഗലം വീട്ടില്‍ സൂരജിനു കൊച്ചിയിലെ ലെക്ഷോര്‍ ആശുപത്രിയിലാണ്‌ മാറ്റിവച്ചത്‌. രണ്ടുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വിജയകരമായിരുന്നുെന്നു അധികൃതര്‍ പിന്നീട്‌ വ്യക്തമാക്കി. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു ശസ്‌ത്രക്രിയ. രാവിലെ ആശുപത്രിയിലെ പ്രത്യേക ചാപ്പലില്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ കുര്‍ബാന അര്‍പ്പിച്ചശേഷമാണ്‌ സ്വന്തം ശരീരത്തില്‍നിന്നു വൃക്ക പകുത്തു നല്‍കിയത്‌. ഇതോടെ ശുശ്രൂഷാ വഴികളില്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ മഹാദാനത്തിന്റെ ചരിത്രമെഴുതി. ബിഷപ്പിനു തിങ്കളാഴ്‌ച ആശുപത്രി വിടാനാകും. നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണത്തിനു ശേഷം സൂരജിനെ മുറിയിലേക്കു മാറ്റും. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ സൂരജ്‌. ഒന്നര വര്‍ഷം മുമ്പു മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വൃക്കയുടെ തകരാര്‍ തിരിച്ചറിഞ്ഞു. കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ സഹായത്തോടെയാണ്‌ സൂരജ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നത്‌. വൃക്കദാനം നടത്തിയ ആദ്യമെത്രാനാണു മാര്‍ ജേക്കബ്‌ മുരിക്കന്‍.