Breaking News

Trending right now:
Description
 
Jun 01, 2016

സംസ്ഥാനത്ത്‌ ഒന്നാംക്ലാസിലെത്തിയത്‌ മൂന്നുലക്ഷം കുരുന്നുകള്‍

image രണ്ടുമാസത്തെ അവധിക്ക്‌ സലാം പറഞ്ഞ്‌ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറന്നു. പുതിയ അധ്യയനദിനത്തില്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസില്‍ പുതിയതായെത്തി. പ്രവേശനോത്സവ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട്‌ സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്‌. കുരുന്നുകള്‍ക്ക്‌ മധുരം നല്‍കി. വിസ്‌മയക്കാഴ്‌ചകളും ഒരുക്കിയിരുന്നു. ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചുമാണ്‌ മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികളെ വരവേറ്റത്‌. പ്രത്യേകം തയാറാക്കിയ പ്രവേശനോത്സവ ഗാനവുമുണ്ടായിരുന്നു. 3,10,000 വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള നടപടികളാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഒരുക്കിയിരുന്നത്‌. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌, സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 3,05,000 വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. കോട്ടയം ജില്ലയില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്വകാര്യ ബസുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്രയ്‌ക്ക്‌ സൗകര്യം ഒരുക്കിയിരുന്നു. ഒന്നു മുതല്‍ 10വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിച്ചു. യൂണിഫോം ധരിച്ച്‌ എത്തിയവര്‍ക്കായിരുന്നു സൗജന്യയാത്ര. ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷനും ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഓര്‍ഗനൈസേഷനും സംയുക്തമായിട്ടാണ്‌ സൗജന്യയാത്ര ഒരുക്കിയത്‌. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്ര നാഥ്‌ നിര്‍വഹിച്ചു.