Breaking News

Trending right now:
Description
 
Jun 01, 2016

തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന്‌ ബിജിമോള്‍

image തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍സിപിഐയിലെ ഒരു നേതാവ്‌ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി പീരുമേട്‌ എംഎല്‍എ ഇ.എസ്‌.ബിജിമോള്‍. ഒരുവാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്‌ ബിജിമോളുടെ പരാമര്‍ശം. നേതാവിന്റെ പേര്‌ പുറത്തുപറയുന്നില്ലെന്നും വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ബിജിമോള്‍ വ്യക്തമാക്കി. വധഭീഷണി ഉണ്ടായിരുന്നതിനാല്‍ തിരഞ്ഞെടുപ്പു സമയത്ത്‌ താനും രണ്ടുമക്കളും ഭര്‍ത്താവും ഒരുവാഹനത്തില്‍ ഒരുമിച്ചു യാത്രചെയ്‌തിട്ടില്ല. ഭക്ഷണം പോലും സൂക്ഷിച്ചാണ്‌ കഴിച്ചിരുന്നത്‌. കൂടെയുള്ള ആരെങ്കിലും ഭക്ഷണം കഴിച്ചു ഉറപ്പാക്കിയതിനുശേഷമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. മരിച്ചാല്‍ അത്‌ അപകടമരണമാണോ സാധാരണമരണമാണോ എന്നു പരിശോധിച്ചു ഉറപ്പാക്കിയതിനുശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്നു തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നുവെന്നും അഭിമുഖത്തില്‍ ബിജിമോള്‍ വ്യക്തമാക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പു സമയത്ത്‌ തനിക്കെതിരെ പ്രവര്‍ത്തിച്ചവരില്‍ സ്വന്തം പാര്‍ട്ടിക്കാരുണ്ടായിരുന്നുവെന്നു എംഎല്‍എ ആരോപിച്ചു. അനധികൃതമായി പണം സമ്പാദിക്കുന്ന ആളാണ്‌ താനെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും ബിജിമോള്‍ ആരോപിച്ചു.