Breaking News

Trending right now:
Description
 
Jun 01, 2016

നട്ടെല്ലു വളച്ചിട്ടില്ല; നിയമനടപടി സ്വീകരിക്കും: സെന്‍കുമാര്‍

image സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തു നിന്നു ടി.പി. സെന്‍കുമാറിനെ മാറ്റിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്‌. സര്‍വീസ്‌ ചട്ടങ്ങളും സീനിയോറിറ്റിയും ലംഘിച്ചുള്ള നടപടിക്കെതിരേ ഡിജിപി സെന്‍കുമാര്‍ നിയമ നടപടി സ്വീകരിക്കും. തന്റെ മാറ്റം സുപ്രീംകോടതി ഉത്തരവിന്റെയും കേരള പൊലീസ്‌ ആക്ടിന്റെയും ലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടി നനല്‍കി. സ്ഥാനമാനങ്ങള്‍ക്കായി ആരുടെ മുന്നിലും നട്ടെല്ലു വളച്ചിട്ടില്ലെന്നു ഫേസ്‌ബുക്കിലും സെന്‍കുമാര്‍ പോസ്‌റ്റ്‌ ചെയ്‌തു. സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിനെ സമീപിക്കാനാണു സെന്‍കുമാറിന്റെ തീരുമാനം. താനുമായി യോജിച്ചു പോകാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനു അതു മാന്യമായി അറിയിക്കാമായിരുന്നു. എല്ലാ സര്‍ക്കാരിനും നയമുണ്ടാകാം. അവര്‍ക്കു താത്‌പര്യമുള്ള ഉദ്യോഗസ്ഥരുമുണ്ട്‌. ബെഹ്‌റയെപ്പോലെ നില്‍ക്കുന്ന ഒരാളല്ല സെന്‍കുമാര്‍. എന്തായാലും എനിക്കൊരിക്കലും ലോക്‌നാഥ്‌ ബെഹ്‌റയാകാനാവില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. സ്ഥാനമാറ്റത്തിനെതിരെ സെന്‍കുമാര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ പ്രതികരണം പിന്നീടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മുന്നറിയിപ്പൊന്നുമില്ലാതെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ സെന്‍കുമാര്‍ മൂന്നു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.

പുതിയ തീരുമാനത്തിനു പിന്നിലെ നിയമപ്രശ്‌നങ്ങളെക്കുറിച്ചും ചട്ടലംഘനത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നു സെന്‍കുമാര്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവും കേരള പൊലീസ്‌ ആക്ടും നിലവിലുണ്ട്‌. എന്നാല്‍ വാശിപിടിച്ച്‌ ഡിജിപിയായി ഇരിക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിനു വിശ്വാസമില്ലെങ്കില്‍ പിന്നെ ആ പദവിയിലിരിക്കുന്നതു സര്‍ക്കാരിനും ഇരിക്കുന്ന ആള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകും. ജോലി നന്നായിട്ടു തന്നെ ചെയ്‌തിട്ടുണ്ട്‌. ആരെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്‌തിട്ടില്ല. ആരെയും അതിനു പ്രേരിപ്പിച്ചിട്ടുമില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്ലബ്ബുകളിലും പോയി ഇരുന്നിട്ടില്ല. ഓഫീസിലും ജോലി കഴിഞ്ഞാല്‍ വീട്ടിലുമാണു താന്‍ പോയിരുന്നത്‌. പദവിയില്‍ നിന്നു നീക്കിയതില്‍ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നു ബോധ്യപ്പെടുത്തുമെന്നും സെന്‍കുമാര്‍ പറഞ്ഞു. അതേസമയം, സ്ഥാനമാനങ്ങള്‍ തേടി താന്‍ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പ്രതികരിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിനടത്തിയ സ്ഥലംമാറ്റത്തില്‍ സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തു നിന്നു ടി.പി. സെന്‍കുമാറിനെ കേരള പൊലീസ്‌ ഹൗസിംഗ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായാണു മാറ്റിയത്‌.