Breaking News

Trending right now:
Description
 
May 31, 2016

ഡീസല്‍ വാഹന നിരോധനം: സംസ്ഥാനത്ത്‌ ജൂണ്‍ 15ന്‌ പണിമുടക്ക്‌

image പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ സംബന്ധിച്ച്‌ ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 15ന്‌ സംസ്ഥാനത്തു വാഹന പണിമുടക്ക്‌ നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. ഉത്തരവ്‌ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ്‌ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജൂണ്‍ 23 മുതല്‍ അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക്‌ നടത്തും. വാളയാര്‍വഴിയുള്ള ചരക്കുനീക്കവും സ്‌തംഭിപ്പിക്കും. ഉത്തരവ്‌ നിലവില്‍ വന്നാല്‍ മുപ്പതിനായിരത്തോളം ചരക്കു ലോറികള്‍ക്കു സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കാനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്‌ പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്നും സമിതി വ്യക്തമാക്കി. ലോറി ഓണേഴ്‌സ്‌ അസോസിയേഷന്‍, ടൂറിസ്‌റ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍, ലോറി ഓണേഴ്‌സ്‌ ഫെഡറേഷന്‍, യൂസ്‌ഡ്‌ വെഹിക്കിള്‍ ഡീലേഴ്‌സ്‌ ആന്‍ഡ്‌ ബ്രോക്കേഴ്‌സ്‌ അസോസിയേഷന്‍, ഓട്ടമൊബീല്‍ വര്‍ക്‌ ഷോപ്‌ അസോസിയേഷന്‍, കോയമ്പത്തൂര്‍ ലോറി ഓണേഴ്‌സ്‌ അസോസിയേഷന്‍, ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ എന്നീ സംഘനകളുടെ കൂട്ടായ്‌മയാണ്‌ മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി. അതേസമയം, വാഹന സംരക്ഷണസമിതി ആഹ്വാനം ചെയ്‌തിട്ടുള്ള സമരത്തില്‍ സ്റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷനും ജില്ലാ ഘടകവും പങ്കെടുക്കില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു. കേസ്‌ ട്രൈബ്യൂണലിലും കോടതികളിലും നിലനില്‍ക്കുന്നതിനാലും സര്‍ക്കാരില്‍ വിശ്വാസം ഉള്ളതിനാലുമാണു സമരത്തില്‍നിന്നു പിന്മാറുന്നതെന്ന്‌ ഭാരവാഹികള്‍ വ്യക്തമാക്കി.