Breaking News

Trending right now:
Description
 
May 31, 2016

മാര്‍ ജേക്കബ്‌ മുരിക്കന്‍ വൃക്കദാനം ചെയ്യാന്‍ ഇന്ന്‌ ആശുപത്രിയില്‍ പ്രവേശിക്കും

image വൃക്ക ദാനം ചെയ്യാനായി പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ ഇന്ന്‌ വൈകുന്നേരം നാലിന്‌ എറണാകുളത്തെ ലേക്‌ ഷോര്‌ ആശുപത്രിയില്‍ പ്രവേശിക്കും. കോട്ടയ്‌ക്കല്‍ ഈശ്വരമംഗലം ഇ.സൂരജിനാണ്‌ (30) മാര്‍ ജേക്കബ്‌ മുരിക്കന്‍ തന്റെ വൃക്കകളില്‍ ഒന്ന്‌ ദാനം ചെയ്യുന്നത്‌. നാളെയാണ്‌ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. വൃക്ക മാറ്റിവയ്‌ക്കലുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളിയാണ്‌ സൂരജ്‌. ജന്മനാ രണ്ടുവൃക്കകള്‍ക്കും തകരാര്‍ ഉണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ്‌ മൂത്രത്തില്‍ അണുബാധയെ തുടര്‍ന്നുള്ള പരിശോധനയിലാണ്‌ വൃക്കരോഗം കണ്ടെത്തിയത്‌. സൂരജിന്റെ ചികിത്സകള്‍ക്ക്‌ ഇതിനോടകം ഏഴുലക്ഷത്തോളം രൂപ ചിലവായി. ശസ്‌ത്രക്രിയയ്‌ക്ക്‌ എട്ടുലക്ഷത്തോളം രൂപ വേണ്ടിവരും. കുടുംബസ്വത്തായി ലഭിച്ച വീടും സ്ഥലവും വിറ്റാണ്‌ ഇതുവരെ ചികിത്സ നടത്തിയത്‌. വൃക്കമാറ്റിവച്ചില്ലെങ്കില്‍ ജീവിതം മുന്നോട്ട്‌ പോകില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ സൂരജിന്റെ അമ്മയും സഹോദരിയും വൃക്കദാനത്തിന്‌ സന്നദ്ധനായെങ്കിലും നടന്നില്ല. ഈ സാഹചര്യത്തിലാണ്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍ വൃക്കദാനം ചെയ്യാന്‍ സന്നദ്ധനാണെന്ന്‌ അറിയിച്ചത്‌. കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ്‌ ചിറമ്മലിന്റെ പ്രേരണയും ഇത്തരമൊരു തീരുമാനത്തിന്‌ കാരണമായി. കത്തോലിക്ക സഭ കാരുണ്യവര്‍ഷമായി ഈ വര്‍ഷം ആചരിക്കുകയാണ്‌. അതുകൊണ്ട്‌ ഈ വര്‍ഷംതന്നെ പുണ്യപ്രവൃത്തിക്കായി തിരഞ്ഞെടുത്തതെന്നു മാര്‍ ജേക്കബ്‌ മുരിക്കന്‍ വ്യക്തമാക്കി. ഇതോടെ ലോകത്താദ്യമായി വൃക്കദാനം ചെയ്യുന്ന ബിഷപ്പായി മാര്‍ ജേക്കബ്‌ മുരിക്കന്‍മാറും.