Breaking News

Trending right now:
Description
 
Jan 04, 2013

ഗോപിയോ സമ്മേളനം കൊച്ചിയില്‍

image
കൊച്ചി: യുണൈറ്റഡ്‌ നേഷന്‍സിന്റെ അക്രെഡിറ്റേഷനുള്ള ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) 24-ാമത്‌ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ജനുവരി 5, 6 തീയതികളിലാണ്‌ സമ്മേളനം.

കേരളത്തില്‍വെച്ച്‌ ആദ്യമായി നടക്കുന്ന ഈ സമ്മേളനത്തില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്ന്‌ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കേരള-കര്‍ണാടക ഗവര്‍ണര്‍ എച്ച്‌.ആര്‍ ഭരദ്വാജ്‌ ജനുവരി ആറിന്‌ ബാങ്ക്വറ്റ്‌ മീറ്റിംഗ്‌ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യവകുപ്പുമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേരള സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി ജോസഫ്‌ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരിക്കും.

ലോര്‍ഡ്‌ ബിക്കു പരേഖ്‌ സംരംഭകരുടെയും പ്രൊഫഷണലുകളുടെയും ആഗോള സംഘടനയായ ടൈ (ദ ഇന്‍ഡസ്‌ ഓന്ത്രപ്രണേഴ്‌സ്‌) ഗ്ലോബല്‍ ചെയര്‍മാന്‍ അശോക്‌ റാവു, ലണ്ടനില്‍ നിന്നുള്ള പ്രമുഖ മോട്ടിവേഷണല്‍ സ്‌പീക്കര്‍ പരേഖ്‌ രുഖാനി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. 

പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍; ഇന്ത്യന്‍ വംശജരുടെ സ്വാതന്ത്ര പോരാട്ടങ്ങള്‍; അവരുടെ സാമ്പത്തിക പുരോഗതിയും ഇന്ത്യയിലെ നിക്ഷേപങ്ങളും തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ദ്വിദിന സമ്മേളനത്തിലെ ചര്‍ച്ചകള്‍. 

ഇന്ത്യയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന `നോളജ്‌ ഇക്കോണമി'യില്‍ ക്രിയാത്മകമായി അണിചേരാന്‍ ഇന്ത്യന്‍ വംശജര്‍ പ്രാപ്‌തരാകണമെങ്കില്‍ അവര്‍ക്കിടയിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടേണ്ടത്‌ അത്യന്താപേക്ഷിതമാണെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ 2007-ല്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഗോപിയോ സമ്മേളനത്തിന്റെ സമാപന സെഷനില്‍ നടക്കുന്ന ചര്‍ച്ച `ഡയസ്‌പോറ നോളജ്‌ നെറ്റ്‌വര്‍ക്ക്‌' എന്ന വിഷയത്തെ അധികരിച്ചാണ്‌.

ഗോപിയോ ഗ്ലോബര്‍ ചെയര്‍മാന്‍ ഇന്ദര്‍ സിംഗ്‌, ഗ്ലോബല്‍ പ്രസിഡന്റ്‌ അശോക്‌ രാംശരണ്‍, ഗ്ലോബല്‍ എക്‌സിക്യൂട്ടിവ്‌ വൈസ്‌ പ്രസിഡന്റും കൊച്ചി കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സണ്ണി കുലത്താക്കല്‍, സ്ഥാപക ചെയര്‍മാന്‍ ഡോ. തോമസ്‌ ഏബ്രഹാം എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷം വഹിക്കും.

സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന പ്രത്യേക ബാങ്ക്വറ്റ്‌ മീറ്റിംഗില്‍വെച്ച്‌ ഗോപിയോ കമ്യൂണിറ്റി അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‌. ഒമ്പത്‌ രാജ്യങ്ങളില്‍ നിന്നുള്ള 16 അവാര്‍ഡ്‌ ജേതാക്കളില്‍ ഏക മലയാളി ദുബായിലെ വൈറ്റ്‌ സാന്‍ഡ്‌സ്‌ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവലിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ സണ്ണി അഗസ്റ്റിനാണ്‌. 1991-ലെ ഗള്‍ഫ്‌ യുദ്ധകാലത്ത്‌ സൗദി അറേബ്യയില്‍ കുടുങ്ങിയ വിദേശികളെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതില്‍ നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ്‌ അദ്ദേഹത്തിന്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

പ്രശസ്‌തനായ അനന്തോ മുഖര്‍ജിയുടെ സംഗീത വിരുന്ന്‌ ചടങ്ങിന്‌ മാറ്റു കൂട്ടും. ഗോപിയോ കൊച്ചി ചാപ്‌റ്ററാണ്‌ ദ്വിദിന സമ്മേളനത്തിന്റെ മുഖ്യ സംഘാടകര്‍. മുന്‍ തമിഴ്‌നാട്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ഗോപിയോ കൊച്ചി ചാപ്‌റ്റര്‍ പ്രസിഡന്റുമായ പി.സി സിറിയക്‌, ഗോപിയോ എക്‌സിക്യൂട്ടിവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍, മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഐസക്‌ ജോണ്‍ പട്ടാണിപ്പറമ്പില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.