Breaking News

Trending right now:
Description
 
May 27, 2016

പൂവരണി പെണ്‍വാണിഭക്കേസ്‌: ഒന്നാംപ്രതിയായ സ്‌ത്രീക്ക്‌ 25 വര്‍ഷം തടവ്‌

image പതിമൂന്നുകാരിയായ പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന്‌ എയ്‌ഡ്‌സ്‌ രോഗം പിടിപ്പെട്ട്‌ മരിച്ച പൂവരണി പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ ബന്ധുവായ സ്‌ത്രീക്ക്‌ നാലുവകുപ്പുകളിലായി 25വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചു. അഡീഷണല്‍ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ കോടതി ജഡ്‌ജി കെ. ബാബുവാണ്‌ വിധി പ്രസ്‌താവിച്ചത്‌. ശിക്ഷാ കാലാവധി ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നതുകൊണ്ട്‌ ഏഴുവര്‍ഷം തടവില്‍ കിടന്നാല്‍ മതിയാകും. ഇവരെ കൂടാതെ രണ്ട്‌, മൂന്ന്‌, അഞ്ച്‌ പ്രതികള്‍ക്ക്‌ ആറു വര്‍ഷം തടവും ഒരുലക്ഷംരൂപവീതം പിഴയും നാല്‌, ആറ്‌ പ്രതികള്‍ക്ക്‌ നാല്‌ വര്‍ഷം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചു. മുഖ്യ പ്രതി ലിസി, തിരുവല്ല പ്രാവിന്‍കൂട്‌ സ്വദേശിനി ജോമിനി, ഭര്‍ത്താവ്‌ ജ്യോതിഷ്‌, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാര്‍, തൃശൂര്‍ സ്വദേശി രാജി എന്നിവരാണ്‌ കുറ്റക്കാര്‍. അഞ്ചു പേരെ കോടതി വെറുതെ വിട്ടു. എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയായ പൂവരണി സ്വദേശിനിയായ പെണ്‍കുട്ടിയെ ബന്ധുവായ അയര്‍ക്കുന്നം സ്വദേശിനി ലിസി വിവിധസ്ഥലങ്ങളില്‍ എത്തിച്ചു പീഡനത്തിന്‌ അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നാണ്‌ കേസ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്‍പ്പന നടത്തല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. ആകെ 12 പ്രതികളാണ്‌ കേസില്‍ ഉണ്ടായിരുന്നത്‌. വിചാരണവേളയില്‍ പത്താം പ്രതി ഉല്ലാസ്‌ ആത്മഹത്യ ചെയ്‌തിരുന്നു. 2007 ഓഗസ്‌റ്റ്‌ മുതല്‍ 2008 മേയ്‌ വരെ പീഡനം നടന്നതായാണ്‌ കേസ്‌. കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ്‌ പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്‌. എയ്‌ഡ്‌സ്‌ രോഗം പിടിപെട്ട്‌ പെണ്‍കുട്ടി പിന്നീട്‌ തേനി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. കോട്ടയം ഡിവൈഎസ്‌പി ആയിരുന്ന ടി. ബിജോയിയാണ്‌ കേസ്‌ അന്വേഷണം നടത്തി കോടതിയില്‍ എത്തിച്ചത്‌. വര്‍ഷങ്ങള്‍ നീണ്ട വിചാരണയില്‍ 127 സാക്ഷികളെ കോടതി വിസ്‌തരിച്ചിരുന്നു.