Breaking News

Trending right now:
Description
 
May 26, 2016

ഇടിമിന്നലേറ്റുള്ള വൈദ്യുതി അപകടങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം

image ആലപ്പുഴ പട്ടണത്തില്‍ ഇടിമിന്നലേറ്റുള്ള വൈദ്യുതിത്തകരാര്‍ മൂലം കംപ്യൂട്ടറുകള്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യാപകമായി കേടാകുന്നതും മറ്റു പല അപകടങ്ങളും ഞങ്ങള്‍ മുന്‍പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ധാരാളം ഉപകരണങ്ങളാണ് അമിത വൈദ്യുതി കയറിയിറങ്ങിയതിലൂടെ കത്തിനശിച്ചത്. ഇതില്‍ ബാങ്കുകളുടെ കംപ്യൂട്ടറുകളും ഉള്‍പ്പെടും എന്നുള്ളത് പ്രശ്‌നം ഗുരുതരമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും ഇങ്ങനെ തന്നെ. ടി.വി ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നന്നാക്കിയിട്ടു ലാഭമൊന്നുമില്ലാത്തതിനാല്‍ പുതിയതു വാങ്ങാതെ നിവൃത്തിയില്ലതാനും.

ഇങ്ങനെയുണ്ടാകുന്ന അപകടങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു തടയാനുള്ള മാര്‍ഗങ്ങള്‍ കെ.എസ്.ഇ.ബി സ്വീകരിക്കുന്നില്ല. ഇടിവെട്ടു കേട്ടാലുടന്‍ പ്ലഗുകളും മറ്റും ഊരി സുരക്ഷിതമാക്കുകയാണ് പതിവ്. അതു പലപ്പോഴും ഫലപ്രദമാകണമെന്നില്ല. നിമിഷ നേരത്തിനുള്ളില്‍ എല്ലാം തകരാറിലാകും. 

ടി.വിയുടെ സെറ്റ്‌ടോപ് ബോക്‌സുകള്‍ കത്തിനശിക്കുന്നതും കൂടുകയാണ്. ടി.വി കേബിളും സെറ്റ്അപ്പ് ബോക്‌സുകളും ഉന്നതഗുണനിലവാരം പുലര്‍ത്തുന്നതാണെന്നു ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കണമെന്നു ഞങ്ങള്‍ പല പ്രാവശ്യം അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇപ്പോള്‍ ടി.വി ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളുമില്ല. സെറ്റ്‌ടോപ് ബോക്‌സ് നിര്‍ബന്ധിതമാക്കിയ അധികൃതര്‍ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ ഉറപ്പാക്കി ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്കണമെന്നുള്ള ആവശ്യം വനരോദനമായി. സര്‍ക്കാര്‍ ചട്ടം മൂലം വന്‍വില നല്കി അധിക ഗാരണ്ടിയൊന്നുമില്ലാതെ സെറ്റ്‌ടോപ് വാങ്ങി വയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ അവകാശം കൂടിയാണ് സര്‍ക്കാര്‍ ഹനിക്കുന്നത്. ഇത് വെറും ബിസിനസും ലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാടുമായി മാത്രം അധഃപതിക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്.