Breaking News

Trending right now:
Description
 
May 26, 2016

സത്യപ്രതിജ്ഞയ്‌ക്ക്‌ സാക്ഷിയാകാന്‍ പ്രമുഖരുടെ നിര; നന്ദിപറഞ്ഞ്‌ മന്ത്രിമാര്‍

image ഇടതുമുന്നണി ഭരണസാരഥ്യത്തിലേറുന്നതിനു സാക്ഷിയാകാന്‍ പതിനായിരങ്ങളാണ്‌ എത്തിയത്‌. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍നിന്നുള്ള പ്രമുഖരുടെ നീണ്ടനിരയ്‌ക്കൊപ്പം വിവിധ ജില്ലകളില്‍നിന്നുള്ള ഇടതുമുന്നണി പ്രവര്‍ത്തകരെകൊണ്ട്‌ സെന്‍ട്രല്‍ സ്റ്റേഡിയവും പരിസരവും നിറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന്‌ ശരിക്കും പണിപെടേണ്ടിവന്നു. നേതാക്കള്‍ ഓരോരുത്തരായി സത്യപ്രതിജ്ഞാ വേദിയിലേയ്‌ക്കു വരുമ്പോള്‍ വലിയ കരഘോഷത്തോടെയാണു പ്രവര്‍ത്തകര്‍ അവരെ സ്വീകരിച്ചത്‌. സത്യപ്രതിജ്ഞയ്‌ക്കായി പിണറായിയും മന്ത്രിമാരും വേദിയിലെത്തിയതോടെ പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തിലായി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിഎസ്‌ അച്യുതാനന്ദന്‍ എത്തിയതോടെ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. 2006-ലെ വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക്‌ ഉണ്ടായിരുന്നതിനു സമാനമായ ആവേശം തന്നെയാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കും ലഭിച്ചത്‌.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡ, സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌, യുഡിഎഫിനെ പ്രതിനിധീകരിച്ച്‌ ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി. പി.ജെ. ജോസഫ്‌, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, കെ.ആര്‍. ഗൗരിയമ്മ, ഒ. രാജഗോപാല്‍, യാക്കോബായ സഭാ ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍, മെത്രാപ്പോലീത്താമാരായ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ജോഷ്വ മാര്‍ നിക്കോദിമോസ്‌, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ഋതംബരാനന്ദ, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മധു, ദിലീപ്‌, ഗായകന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സദസിന്റെ മുന്‍നിരയിലാണ്‌ പ്രത്യക ഇരിപ്പിടം ഒരുക്കിയിരുന്നത്‌.