Breaking News

Trending right now:
Description
 
May 26, 2016

പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരമേറ്റു

image വന്‍ജനസഞ്ചയത്തിന്റെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേറ്റു. സെക്രട്ടറിയേറ്റ്‌ മന്ദിരത്തോട്‌ ചേര്‍ന്നുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ്‌ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ എഴുന്നേറ്റതോടെ ഇടതുസര്‍ക്കാരിന്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യം സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്‌തു. പിണറായി വിജയന്‍ ആയ ഞാന്‍... എന്നുതുടങ്ങുന്ന സത്യപ്രതിജ്ഞ ചൊല്ലി പിണറായി മുഖ്യമന്ത്രിപദം ഏറ്റെടുത്തു. ദൃഢപ്രതിജ്ഞയ്‌ക്കു പകരം സഗൗരവം എന്നു പറഞ്ഞാണു പിണറായി സത്യപ്രതിജ്ഞ ചെയ്‌തത്‌. തുടര്‍ന്ന്‌ പ്രതിജ്ഞയ്‌ക്കു താഴെ കൈയൊപ്പ്‌. ഗവര്‍ണര്‍ പൂച്ചെണ്ടും സമ്മാനിച്ചു. പിന്നാലെ സിപിഐയിലെ ഇ. ചന്ദ്രശേഖരന്‍, ജനതാദള്‍ എസിലെ മാത്യു ടി. തോമസ്‌, എന്‍സിപിയിലെ എ.കെ. ശശീന്ദ്രന്‍, കോണ്‍ഗ്രസ്‌ എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സത്യവാചകം ചൊല്ലി. ഇതിനുശേഷം അക്ഷരമാലാ ക്രമത്തില്‍ എ.കെ. ബാലന്‍, ഡോ. കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എ.സി. മൊയ്‌തീന്‍, അഡ്വ. കെ. രാജു, ടി.പി. രാമകൃഷ്‌ണന്‍, പ്രഫ. സി. രവീന്ദ്രനാഥ്‌, കെ.കെ. ശൈലജ, ജി. സുധാകരന്‍, വി.എസ്‌. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഡോ. ടി.എം. തോമസ്‌ ഐസക്ക്‌ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്‌തു. സിപിഎമ്മില്‍നിന്നുള്ള കെ.ടി. ജലീല്‍, കോണ്‍ഗ്രസ്‌ എസില്‍നിന്നുള്ള കടന്നപ്പള്ളി രാമചന്ദ്രന്‍, ജനതാദള്‍ പ്രതിനിധി മാത്യു ടി. തോമസ്‌ എന്നിവരാണ്‌ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തത്‌. പുതിയ മന്ത്രിസഭയിലെ ആറു പേര്‍ മുമ്പു മന്ത്രിമാരായി പരിചയമുള്ളവരാണെങ്കില്‍ ബാക്കി പതിമൂന്നു പേരും ആദ്യമായി മന്ത്രിസഭയിലെത്തുന്നവരാണ്‌. വേദിയിലേക്ക്‌ കയറുംമുമ്പ്‌ എല്ലാവരുംതന്നെ സദസിലെ ഒന്നാംനിരയിലെ പ്രമുഖരുടെ അനുഗ്രഹം വാങ്ങിയിരുന്നു.

മന്ത്രിമാരും വകുപ്പുകളും: മുഖ്യമന്ത്രി പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്‌, ഐടി, ആസൂത്രണം. ഡോ. ടി.എം. തോമസ്‌ ഐസക്‌- ധനകാര്യം; ഇ.പി. ജയരാജന്‍- വ്യവസായം, കായികം. സി. രവീന്ദ്രനാഥ്‌- വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം. കടകംപള്ളി സുരേന്ദ്രന്‍- വൈദ്യുതി, ദേവസ്വം. എ.കെ. ബാലന്‍- സാംസ്‌കാരികം, പിന്നാക്കക്ഷേമം, നിയമം. എ.സി. മൊയ്‌തീന്‍- സഹകരണം, ടൂറിസം. ഡോ. കെ.ടി. ജലീല്‍- തദ്ദേശ സ്വയംഭരണം. ടി.പി രാമകൃഷ്‌ണന്‍- എക്‌സൈസ്‌, തൊഴില്‍. ജി. സുധാകരന്‍- പൊതുമരാമത്ത്‌, രജിസ്‌ട്രേഷന്‍. ജെ. മേഴ്‌സിക്കുട്ടിയമ്മ- ഫിഷറീസ്‌, പരമ്പരാഗത വ്യവസായം. കെ.കെ. ശൈലജ- ആരോഗ്യം, സാമൂഹിക ക്ഷേമം. ഇ. ചന്ദ്രശേഖരന്‍- റവന്യൂ. വി.എസ്‌. സുനില്‍കുമാര്‍- കൃഷി. പി. തിലോത്തമന്‍- ഭക്ഷ്യം, പൊതുവിതരണം. കെ. രാജു- വനം. മാത്യു ടി. തോമസ്‌- ജലവിഭവം. എ.കെ. ശശീന്ദ്രന്‍- ഗതാഗതം, ജലഗതാഗതം. കടന്നപ്പള്ളി രാമചന്ദ്രന്‍- തുറമുഖം, പുരാവസ്‌തു.