May 26, 2016
ജിഷ വധക്കേസ്: അന്വേഷണ ചുമതല എഡിജിപി സന്ധ്യയ്ക്ക്
പെരുമ്പാവൂരിലെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വനിതാ എഡിജിപിയുടെ
നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ പിണറായി വിജയന്റെ
നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു. എഡിജിപി ബി.
സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാകും ഇനി കേസ് അന്വേഷിക്കുക.
മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എഡിജിപിമാരായ
ബി.സന്ധ്യയേയും ആര്.ശ്രീലേഖയെയും സെക്രട്ടറിയറ്റിലേക്കു
വിളിച്ചുവരുത്തിയിരുന്നു. നിലവില്‍ എറണാകുളം റേഞഞ്ച് ഐജി മഹിപാല്‍
യാദവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തില്‍ ഗുരുതരമായ
വീഴ്ചയുണ്ടായെന്ന പൊതുസമൂഹത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു
കേസന്വേഷണം വനിതാ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ
ഏല്പിക്കാന് തീരുമാനിച്ചത്. മഹസര്‍ തയാറാക്കിയതു മുതല്‍ മൃതദേഹം
ദഹിപ്പിച്ചതു വരെയുള്ള സാധാരണ നടപടി ക്രമങ്ങളില്‍ പോലും ഗുരുതരമായ
വീഴ്ചയുണ്ടെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ്
നിലവിലുള്ള അന്വേഷണ സംഘത്തെ മുഴുവന്‍ മാറ്റി പുതിയ സംഘത്തെ ചുമതല
ഏല്പിക്കാന് മന്ത്രിസഭ തീരുമാനിച്ചത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അടുത്ത ദിവസങ്ങളില്‍ പരിശോധിച്ച്
ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു
മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജിഷയുടെ അമ്മയ്ക്കു പ്രതിമാസം 5,000 രൂപ
പെന്ഷന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ജിഷയുടെ കുടുംബത്തിനായി
നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 45
ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം
നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിഷയുടെ സഹോദരിക്കു ജോലി
നല്‍കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം വേഗത്തില്‍ നടപ്പാക്കാന്‍
നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്
അനുസരിച്ചുള്ള ജോലി നല്‍കുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും
അദ്ദേഹം പറഞ്ഞു. ജിഷ വധക്കേസില്‍ വിപുലമായി അന്വേഷണം നടത്തി കുറ്റക്കാരെ
എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്
ബി.സന്ധ്യ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന പൊലീസ്
മേധാവിയുമായി ആലോചിച്ച് അന്വേഷണ സംഘം രൂപീകരിക്കുമെന്നും അവര്‍
വ്യക്തമാക്കി.