Breaking News

Trending right now:
Description
 
May 26, 2016

ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ പിരിച്ചുവിടും മുന്‍പ് മതിലുകളെല്ലാം വൃത്തിയാക്കണം: ടി.ആര്‍.എ

image
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് രൂപവത്കരിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ പിരിച്ചുവിടുന്നതിനു മുന്‍പ്, അനധികൃതമായി സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനു സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും ബാനറുകളും ചുവരെഴുത്തും പോസ്റ്ററുകളും നീക്കം ചെയ്ത് മതിലുകളും മറ്റും വൃത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്കണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിനു മുന്‍പ് ഈ ആവശ്യം ആവര്‍ത്തിച്ചു ഉന്നയിച്ചിട്ടും പരിഗണിച്ചില്ല. സ്ഥാനാര്‍ഥികള്‍ ദിവസേനെ പുതിയ നിറങ്ങളിലുള്ള പോസ്റ്ററുകള്‍ മാറിമാറി ഒട്ടിക്കുകയായിരുന്നു. സംഘടിതശക്തികള്‍ മുഷ്ടിബലത്തിലാണ് ഇതു ചെയ്യുന്നതെന്നതിനാല്‍ ജനങ്ങള്‍ക്ക് മാനസികമായി എതിര്‍പ്പുണ്ടെങ്കിലും സംഘര്‍ഷമൊഴിവാക്കാന്‍ സാധാരണഗതിയില്‍ ആരും അതിനെതിരേ രംഗത്തിറങ്ങുകയില്ലെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. അനുമതി പത്രം ഇല്ലാത്ത എല്ലാ എഴുത്തുകളും ഒട്ടിപ്പുകളും മാറ്റണമെന്നു വളരെ നേരത്തേ തന്നെ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും അതു ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ പരാതിക്കു കാത്തുനില്ക്കാതെ ചട്ടപ്രകാരം സ്വമേധയാ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുമുണ്ടെന്നു വോട്ടര്‍മാര്‍ വിശ്വസിക്കുന്നു.

ചട്ടവിരുദ്ധമായാണ് ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും എന്നുള്ള കാര്യം വ്യക്തമായി മുന്‍കൂട്ടി മനസിലാക്കിക്കൊണ്ടുതന്നെയാണ് സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒട്ടിച്ചും എഴുതിയും വൃത്തികേടായിക്കിടക്കുന്ന മതിലുകളിലും ഭിത്തികളിലും നിന്നു അവ വലിച്ചുകീറി അവശേഷിപ്പുകള്‍ അവിടെത്തന്നെ വയ്ക്കുന്നതിനു പകരം എല്ലാം വെടിപ്പുള്ളതാക്കി ചായം പൂശി നല്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അതിനായുള്ള ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്നു ഈടാക്കുന്നതായിരിക്കും ഉചിതം.

ടി.ആര്‍.എ പ്രദേശത്ത് ഉള്‍പ്പെട്ട തത്തംപള്ളി, ജില്ലാ കോടതി വാര്‍ഡുകളിലെ മഠം റോഡ്, കുരിശടി റോഡ് എന്നിവിടങ്ങളിലെ മതിലുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക നിര്‍ദേശം നല്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രമെന്നു പരസ്യം ചെയ്യുന്ന ആലപ്പുഴയ്ക്ക് വൃത്തികെട്ട മതിലുകള്‍ പ്രതികൂല പ്രതിച്ഛായ നല്കും. കഴിഞ്ഞ തദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു വേളയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.