Breaking News

Trending right now:
Description
 
May 24, 2016

ജനങ്ങളുടെ സര്‍ക്കാരാണ്‌ അധികാരമേല്‍ക്കുന്നത്‌: പിണറായി വിജയന്‍

image ബുധനാഴ്‌ച അധികാരമേല്‍ക്കുന്നത്‌ ജനങ്ങളുടെ സര്‍ക്കാരാണെന്ന്‌ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നായികണ്ടാവും പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കും. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപിടിയും ഉണ്ടാകില്ല. കക്ഷി രാഷട്രീയത്തിനും ജാതി, മത വ്യത്യാസത്തിനും അതീതമായിട്ടായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേതൃതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഒരുതരത്തിലുമുള്ള അഴിമതി വച്ചുപൊറുപ്പിക്കില്ല. ഇതിനകംതന്നെ തന്റെ പേരുപറഞ്ഞ്‌ പലരും രംഗത്തുവന്നിട്ടുണ്ട്‌. പേഴ്‌സണല്‍ സ്റ്റാഫില്‍ വരുന്നവര്‍ക്കും ഇതു ബാധകമായിരിക്കും. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. ഇങ്ങനെ ആരെങ്കിലും വന്നാല്‍ അറിയിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരോട്‌ പിണറായി പറഞ്ഞു. കേരളത്തിന്റ പുരോഗതിയ്‌ക്കായി പ്രതിപക്ഷവുമായും സഹകരിക്കും. എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ രാഷ്ട്രീയഭേദമെന്യേ മുഴുവന്‍ കേരള സമൂഹത്തെയും സ്വാഗതം ചെയ്യുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. എകെജി സെന്ററില്‍ പത്രമ്മേളനം തുടങ്ങുന്നതിന്‌ മുമ്പ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പിണറായി പിറന്നാള്‍ മധുരം നല്‍കി. 71 വയസായെന്ന്‌ പറഞ്ഞുകൊണ്ട്‌ വളരെ സൗഹാര്‍ദ്ദപരമായാണ്‌ പത്രസമ്മേളനം ആരംഭിച്ചത്‌.