Breaking News

Trending right now:
Description
 
May 24, 2016

ബ്രഡിലും ബണ്ണിലും കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്‌തുക്കള്‍

image പതിവായി ബ്രെഡും ബണ്ണും കഴിക്കുന്നവര്‍ കാന്‍സര്‍ രോഗികളായി മാറുമെന്നു പഠനറിപ്പോര്‍ട്ട്‌. നിരോധിക്കപ്പെട്ട മാരകമായ രാസവസ്‌തുക്കള്‍ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ബ്രെഡുകളിലും ബണ്ണിലും അടങ്ങിയിട്ടുണ്ടെന്നാണു പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ (സിഎസ്‌ഇ) നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍. മാരക രാസവസ്‌തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയോഡേറ്റ്‌ എന്നിവയുടെ അപകടകരമായ വിധത്തിലുള്ള സാന്നിധ്യം ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ബ്രെഡുകളില്‍ ഉണ്ടെന്നു പഠനം പറയുന്നു. ബ്രെഡിനു മാര്‍ദവം കിട്ടാനും മിനുസം തോന്നാനുമാണ്‌ പൊട്ടാസ്യം ബ്രോമേറ്റ്‌ ഉപയോഗിക്കുന്നത്‌. ഈ രാസവസ്‌തുക്കള്‍ മിക്ക രാജ്യങ്ങളും നിരോധിച്ചവയാണ്‌. പരിശോധനഫലം കേന്ദ്രസര്‍ക്കാരിനു കൈമാറിയിട്ടുണ്ട്‌. ഡല്‍ഹിയില്‍ വില്‍പ്പന നടത്തുന്ന ബ്രെഡുകള്‍ പരിശോധിച്ചതില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി. സിഎസ്‌ഇയുടെ മലിനീകരണ നിരീക്ഷണ ലാബില്‍ 38 സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. മറ്റൊരു ലാബില്‍ നടത്തിയ പരിശോധനയിലും ഇതുതന്നെയായിരുന്നു ഫലം. ബ്രഡിനുള്ള മാവ്‌ തയാറാക്കുമ്പോഴാണ്‌ രാസവസ്‌തുക്കള്‍ ചേര്‍ക്കുന്നത്‌. പൊട്ടാസ്യം ബ്രോമേറ്റ്‌ ഉള്ളില്‍ ചെല്ലുന്നത്‌ കാന്‍സറിനു കാരണമാകും. തൈറോയിഡിലും മറ്റും കാന്‍സറിനു കാരണമാകുന്ന രാസവസ്‌തുവാണ്‌ പൊട്ടാസ്യം അയോഡേറ്റ്‌. വൈറ്റ്‌ ബ്രെഡ്‌, സാന്‍ഡ്‌വിച്ച്‌ ബ്രെഡ്‌, പാവ്‌, ബണ്ണ്‌ എന്നിവയിലാണ്‌ ഈ രാസവസ്‌തുക്കളുടെ സാന്നിധ്യം ഏറെയും കണ്ടെത്തിയിരിക്കുന്നത്‌. പലകമ്പനികളും ബ്രഡിന്റെ കവിനു പുറത്ത്‌ ഈ രാസവസ്‌തുവിന്റെ ഉപയോഗം രേഖപ്പെടുത്തുന്നില്ല. ബ്രിട്ടാനിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍ രാസവസ്‌തുക്കളുടെ ഉപയോഗമുണ്ടെന്നകാര്യം നിഷേധിച്ചു. റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വ്യക്തമാക്കി.