Breaking News

Trending right now:
Description
 
May 24, 2016

10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക്‌ നിരോധനം

image കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ എറണാകുളം സ്‌പെഷ്യല്‍ സര്‍ക്യൂട്ട്‌ ബഞ്ചാണ്‌ ഇത്തരത്തില്‍ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കൊച്ചിയിലെ ലോയേഴ്‌സ്‌ എ്‌#വയണ്‍മെന്റ്‌ അവേര്‍നസ്‌ ഫോറം സമര്‍പിച്ച ഹര്‍ജിയിലാണ്‌ ഉത്തരവ്‌. വാഹനപുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കണമെന്നും 10വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഡല്‍ഹിയിലെപോലെ കേരളവും മലിനീകരണം നേരിടുകയാണ്‌. പഴക്കംചെന്ന വാഹനങ്ങള്‍ വിഷം തുപ്പുകയാണ്‌. കാര്‍ബണ്‍, സള്‍ഫേറ്റ്‌, അമോണിയം, നൈട്രേറ്റ്‌ തുടങ്ങിയ വിഷവസ്‌തുക്കള്‍ അനിയന്ത്രിതമായി പുറന്തള്ളുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ മലിനീകരണം തടയാന്‍ നടപടിയെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത തദ്ദേശ സ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്‌തു നല്‍കരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഉത്തരവ്‌ നടപ്പാക്കാന്‍ ഒരുമാസം അനുവദിച്ചിട്ടുണ്ട്‌. ഉത്തരവ്‌ ലംഘിച്ചു പഴകിയ വാഹനങ്ങള്‍ ഓടിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. ട്രാഫിക്‌ പൊലീസും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഉദ്യോഗസ്ഥരും സമാഹരിക്കുന്ന പിഴത്തുക പ്രത്യേക പരിസ്ഥിതി ഫണ്ടായി സൂക്ഷിക്കണം. ഈ തുക അതാത്‌ നഗരങ്ങളിലെ പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. ട്രൈബ്യൂണലിന്റെ ഉത്തരവിനു വിധേയമായിട്ടായിരിക്കും ഫണ്ട്‌ വിനിയോഗിക്കേണ്ടതെന്നും ജസ്‌റ്റീസ്‌ സ്വതന്തര്‍ കുമാര്‍, മെംബര്‍ ബിക്രംസിങ്‌ സജ്‌ വാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്‌.