Breaking News

Trending right now:
Description
 
May 23, 2016

എം.എം.മണിയെ സര്‍ക്കാര്‍ ചീഫ്‌ വിപ്പായി നിയമിക്കും

image എല്‍ഡിഎഫ്‌ മന്ത്രിസഭയില്‍നിന്നു മാറ്റിനിര്‍ത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണിയെ സര്‍ക്കാര്‍ ചീഫ്‌ വിപ്പായി നിയമിക്കാന്‍ തീരുമാനം. മണിയെപ്പോലുള്ള മുതിര്‍ന്ന നേതാവിനെ മന്ത്രിസഭയില്‍ എടുക്കാതിരുന്നതിനെതിരെ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ സര്‍ക്കാരില്‍ ചീഫ്‌ വിപ്പ്‌ പദവി വേണ്ടെന്നും പാര്‍ലമെന്ററികാര്യ വകുപ്പ്‌ മന്ത്രിതന്നെ ചീഫ്‌ വിപ്പിന്റെ ചുമതല വഹിക്കട്ടെയെന്നുമായിരുന്നു നേരത്തെ എല്‍ഡിഎഫ്‌ നേതാക്കളുടെ തീരുമാനം. ഈ നിലപാടിനാണ്‌ ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്‌. സംസ്ഥാന സെക്രട്ടറിയേറ്റ്‌ തയാറാക്കിയ മന്ത്രിമാരുടെ പട്ടികയ്‌ക്ക്‌ സിപിഎം സംസ്ഥാന സമിതി ഇന്നു അംഗീകാരം നല്‍കി. സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച്‌ ഏകദേശ ധാരണയായിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ധനകാര്യവകുപ്പ്‌ തോമസ്‌ ഐസക്ക,്‌ പൊതുമരാമത്ത്‌ ജി.സുധാകരനും ഭരിക്കും. സി.രവീന്ദ്രനാഥ്‌ (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്‌തീന്‍ (സഹകരണം), ടി.പി.രാമകൃഷ്‌ണന്‍ (തൊഴില്‍, എക്‌സൈസ്‌), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്‌, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ്‌ മന്ത്രിസ്ഥാനങ്ങള്‍. എ.കെ.ബാലന്‌ പട്ടികവര്‍ഗക്ഷേമത്തിന്‌ പുറമേ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ഉണ്ടാകും. യുഡിഎഫ്‌ മന്ത്രിസഭയില്‍ മൂന്നു മന്ത്രിമാര്‍ കൈകാര്യം ചെയ്‌തിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ്‌ ഒറ്റവകുപ്പാക്കി മാറ്റും. സിപിഐ അടക്കമുള്ള കക്ഷികള്‍ ചില വകുപ്പുകളില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്‌.