Breaking News

Trending right now:
Description
 
May 23, 2016

ഡല്‍ഹിയില്‍ ബിജെപിയുടെ ഏകെജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

image കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ബിജെപി-ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവനിലേക്കു നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. ഏകെജി ഭവന്റെ ബോര്‍ഡ്‌ ബിജെപിക്കാര്‍ തകര്‍ത്തു. തങ്ങളെ മര്‍ദ്ദിച്ചതായി ഇരുവിഭാഗവും ആരോപിച്ചു. പൊലീസ്‌ വന്‍ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത്‌ എകെജി ഭവനിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകളടക്കമുള്ളവ തല്ലിത്തകര്‍ത്തു. ബിജെപി ഡല്‍ഹി പ്രസിഡന്റ്‌ സതീഷ്‌ ഉപാധ്യായയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌. പന്ത്‌ മാര്‍ഗിലെ ഡല്‍ഹി ഘടകം ഓഫീസിനു മുമ്പില്‍നിന്നായിരുന്നു മാര്‍ച്ച്‌ തുടങ്ങിയത്‌. ബാരിക്കേഡുകള്‍കൊണ്ട്‌ പൊീസ്‌ തീര്‍ത്ത മൂന്നു സുരക്ഷാമതിലുകളും പ്രവര്‍ത്തകര്‍ ചാടിക്കടന്നു. ജലപീരങ്കിയും ഉപയോഗിച്ചു. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം വിളികളുമായാണ്‌ പ്രകടനക്കാര്‍ എത്തിയത്‌. ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നേറിയ പ്രവര്‍ത്തകരെ പൊലീസ്‌ തടഞ്ഞതോടെ പ്രകടനക്കാര്‍ റോഡില്‍ കുത്തിയിരുന്നെങ്കിലും ഇടയ്‌ക്ക്‌ സംഘത്തിലെ ചിലര്‍ ഏകെജി ഭവനിലേക്ക്‌ തള്ളിക്കയറി. ഇവരെ അറസ്‌റ്റു ചെയ്‌തു നീക്കിയതോടെ മറ്റൊരു സംഘം ബോര്‍ഡുകള്‍ അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്‌തു. ആക്രമണം തടയാന്‍ സിപിഎം പ്രവര്‍ത്തകരും രംഗത്ത്‌ എത്തിയതോടെ സംഘര്‍ഷം ശക്തമാവുകയും ചെയ്‌തു. സമാധാനപരമായി സമരം നടത്തിയവരെ സിപിഎം ആക്രമിക്കുകയായിരുന്നുവെന്നു സതീഷ്‌ ഉപാധ്യാ ആരോപിച്ചു. അറുന്നൂറോളം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌തതായി പൊലീസ്‌ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പ്രകോപിതരായ ബിജെപി ആക്രമണം നടത്തുകയാണെന്നു പോളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി. സമാധാനം നിലനിര്‍ത്താനും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനുമാണു സിപിഎമ്മും ഇടതുപക്ഷവും ശ്രമിക്കുകയെന്നും പോളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയില്‍ വ്യക്തമാക്കി.