Breaking News

Trending right now:
Description
 
May 23, 2016

സിപിഎം മന്ത്രിമാരായി; എട്ടു പുതുമുഖങ്ങള്‍

image പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയില്‍ എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ ഞായറാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ്‌ ഐസക്‌(ആലപ്പുഴ), ഇ.പി. ജയരാജന്‍ (കണ്ണൂര്‍), കെ.കെ. ശൈലജ (കണ്ണൂര്‍), എ.കെ. ബാലന്‍ (പാലക്കാട്‌),സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ടി.പി. രാമകൃഷ്‌ണന്‍ (കോഴിക്കോട്‌), ജി. സുധാകരന്‍ (ആലപ്പുഴ), ജെ. മേഴ്‌സിക്കുട്ടിയമ്മ (കൊല്ലം), എ.സി. മൊയ്‌തീന്‍ (തൃശൂര്‍), കടകംപള്ളി സുരേന്ദ്രന്‍ (തിരുവനന്തപുരം) ഇടതു സ്വതന്ത്രന്‍ കെ.ടി. ജലീല്‍ (മലപ്പുറം), തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം പ്രഫ. സി. രവീന്ദ്രനാഥ്‌, എന്നിവരാണു മന്ത്രിമാരാകുന്നത്‌. ഇവിരില്‍ തോമസ്‌ ഐസക്കും ബാലനും, സുധാകരനും 2006ലെ വിഎസ്‌ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. പി. ശ്രീരാമകൃഷ്‌ണനോ കെ. സുരേഷ്‌ കുറുപ്പോ സ്‌പീക്കറാകും. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിന്റെ അംഗീകാരത്തിനുശേഷമേ മന്ത്രിമാരെ പ്രഖ്യാപിക്കുകയുള്ളൂ. 19 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ്‌ തീരുമാനം. സിപിഎമ്മിന്റെ മന്ത്രിമാരെ കൂടാതെ സിപിഐയ്‌ക്കു നാലു മന്ത്രിമാരും ജനതാദള്‍- എസ്‌, എന്‍സിപി, കോണ്‍ഗ്രസ്‌- എസ്‌ എന്നീ കക്ഷികള്‍ക്ക്‌ ഓരോ മന്ത്രിമാരും ഉണ്ടാകും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്നവര്‍ക്കു മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായി ഇതുസംബന്ധിച്ച്‌ ആശയവിനിമയം പൂര്‍ത്തീകരിക്കാത്തതാണ്‌ കാരണം. ബുധനാഴ്‌ചയ്‌ക്കുശേഷം വകുപ്പുസംബന്ധിച്ച്‌ അന്തിമതീരുമാനമുണ്ടാകും.

വി.എസ്‌ പക്ഷത്തെ പ്രമുഖനും മുന്‍മന്ത്രിയുമായ എസ്‌. ശര്‍മയുടെ പേര്‌ മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സെക്രട്ടേറിയറ്റ്‌ അംഗം എം.എം. മണിയും പട്ടികയില്‍ ഇല്ല. മത്സരിച്ച സിപിഎം സെക്രട്ടേറിയറ്റ്‌ അംഗങ്ങളില്‍ എം.എം. മണി മാത്രമാണ്‌ മന്ത്രിയാകാത്തത്‌. സിപിഐയുടെ മന്ത്രിമാരെ ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ തീരുമാനിക്കും. എന്‍സിപി, ജനതാദള്‍- എസ്‌ എന്നിവരുടെ മന്ത്രിമാരെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായിട്ടില്ല. എന്‍സിപിയുടെ നിയമസഭാംഗങ്ങളായ തോമസ്‌ ചാണ്ടയും എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്ക്‌ അവകാശവാദമുന്നയിച്ചിട്ടുണ്ട്‌. തോമസ്‌ ഐസക്കിന്‌ ധനവകുപ്പും എ.കെ. ബാലനു വൈദ്യുതി, പട്ടികജാതി- വര്‍ഗ ക്ഷേമം വകുപ്പുകളും ജി. സുധാകരനു പൊതുമരാമത്ത്‌ വകുപ്പുമാണു ലഭിക്കുകയെന്നാണു സൂചന. മട്ടന്നൂരില്‍നിന്നു വിജയിച്ച ഇ.പി. ജയരാജനു വ്യവസായ വകുപ്പും കൂത്തുപറമ്പിന്റെ പ്രതിനിധി കെ.കെ. ശൈലജയ്‌ക്ക്‌ ആരോഗ്യവുമാണു പരിഗണിക്കുന്നത്‌.